വേടന്റെ അറസ്റ്റ് : സർക്കാർ നിലപാട് സ്വാഗതാർഹം : പികെഎസ്

തിരുവനന്തപുരം
റാപ് ഗായകൻ ഹിരൺദാസ് മുരളി (വേടൻ)യുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ സ്വീകരിച്ച നടപടികളെ പട്ടികജാതി ക്ഷേമസമിതി സ്വാഗതം ചെയ്തു.
കേസന്വേഷണത്തിനിടെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ചും പിഴവുകളെക്കുറിച്ചും വിശദ അന്വേഷണവും തുടർനടപടിയും ആവശ്യമാണ്. അന്വേഷണ ഉദ്യോഗസ്ഥർ നിയമപരമായി പാലിക്കേണ്ട മിതത്വവും സാമാന്യ മര്യാദയും പാലിച്ചില്ല. മാധ്യമങ്ങളുടെ മുന്നിൽ കുറ്റാരോപിതനെ അവതരിപ്പിച്ചതും അയാളുടെ മാതാവിനെതിരെ വംശീയ പരാമർശം നടത്തുകയും തുടരന്വേഷണത്തെക്കുറിച്ച് തെറ്റായ സൂചനകൾ നൽകുകയും ചെയ്തത് നിയമവിരുദ്ധ നടപടിയാണ്.
എന്നാൽ സംഭവത്തെക്കുറിച്ച് പക്വതയാർന്ന പ്രതികരണമാണ് ഹിരൺ ദാസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായ അതിരുകടന്ന പ്രതികരണത്തെക്കുറിച്ചും അന്വേഷണത്തിൽ ഉണ്ടായ പിഴവുകളെക്കുറിച്ചും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാ നടപടി സ്വീകരിക്കണമെന്ന് പികെഎസ് സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദും പ്രസിഡന്റ് വണ്ടിത്തടം മധുവും ആവശ്യപ്പെട്ടു.








0 comments