print edition വ്യാജവാർത്ത: പി കെ ശ്രീമതി സ്വകാര്യ അന്യായം ഫയൽ ചെയ്തു

കണ്ണൂർ : എംഎൽഎയുടെ ഭാര്യയെന്ന പേരിൽ നിയമസഭയിൽനിന്ന് പെൻഷൻ വാങ്ങുന്നുവെന്ന തരത്തിൽ വ്യാജവാർത്ത നൽകിയ വാർത്താ മാധ്യമങ്ങൾക്കെതിരേ ശിക്ഷാനടപടി ആവശ്യപ്പെട്ട് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി കണ്ണൂർ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. ജനം ടിവി, കർമ ന്യൂസ്, ഭാരത് ലൈവ് എന്നിവയ്‌ക്കും കണ്ണൂരിൽനിന്ന് പ്രസിദ്ധീകരിക്കുന്ന സായാഹ്നപത്രമായ സുദിനത്തിനും എതിരെയാണ് കേസ്.
കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് -ഒന്ന്, രണ്ട്, മൂന്ന്, കോടതികളിലായിട്ടാണ് വെവ്വേറെ ഹർജി നൽകിയത്. ഭാരതീയ ന്യായ സംഹിത 356-ാം വകുപ്പ് ഉൾപ്പെടുത്തിയാണ് ഹർജി. ഹർജിയുടെ ഓൺലൈൻ വെരിഫിക്കേഷൻ ചൊവ്വാഴ്‌ച നടക്കും. തുടർന്ന് പി കെ ശ്രീമതിയുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തും. കണ്ണൂരിലെ അഡ്വ. ബി പി ശശീന്ദ്രൻ മുഖേന ശനിയാഴ്‌ച കോടതിയിൽ നേരിട്ടെത്തിയാണ് ഹർജി നൽകിയത്.
മാനനഷ്ടത്തിന് ഇടയാക്കിയ വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നേരത്തെ സിവിൽ നിയമപ്രകാരം നോട്ടീസ് നൽകിയിരുന്നു. മാപ്പ് പറഞ്ഞ് അവസാനിപ്പിക്കാനാകാത്ത കുറ്റകൃത്യമെന്ന രീതിയിലാണ് ക്രിമിനൽ നിയമപ്രകാരം ശിക്ഷാനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ സ്വകാര്യ അന്യായം ഫയൽചെയ്‌തത്. സ്‌ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കം നൽകിയെന്ന പരാതിയിൽ ജയ്‌ഹിന്ദ് അടക്കമുള്ള അഞ്ച് മാധ്യമങ്ങൾക്കെതിരെ സൈബർ പൊലീസും കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.
പി കെ ശ്രീമതിക്കെതിരെ സംഘപരിവാർ അനുകൂല യൂട്യൂബ് ചാനലുകളിലുടെയാണ് ആദ്യ അപവാദപ്രചാരണം തുടങ്ങിയത്. രണ്ടാം കേരള നിയമസഭയിൽ എംഎൽഎയായിരുന്ന പരേതനായ പി ആർ കൃഷ്ണന്റെ ഭാര്യയുടെ പേര് പി കെ ശ്രീമതി എന്നാണ്. അവർ നേരത്തെ പെൻഷൻ വാങ്ങിയിരുന്നു. അതിന്റെ രേഖകൾവച്ചാണ് സമൂഹത്തിൽ അപകീർത്തിപ്പെടുത്തുക എന്ന ദുരുദ്ദേശത്തോടെ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് കൂടിയായ ശ്രീമതി അനർഹമായി പെൻഷൻ വാങ്ങുന്നുവെന്നെ് തെറ്റിദ്ധാരണാജനകമായ വാർത്ത ചമച്ചത്. ഇത് പിന്നീട് സോഷ്യൽ മീഡിയയിലെ സംഘപരിവാർ അനുകൂലികൾ വ്യാപകമായി പ്രചരിപ്പിച്ചു.










0 comments