പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്ന ഒരു നയവും അംഗീകരിക്കില്ല; സെൻസസിലൂടെ എൻപിആറിനുള്ള അജണ്ട ഒളിച്ചുകടത്തുന്നു: പിണറായി

പിണറായി വിജയൻ
തിരുവനന്തപുരം: സെൻസസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) തയ്യാറാക്കുന്നതിനുള്ള അജണ്ടകൾ കേന്ദ്ര സർക്കാർ ഒളിച്ചുകടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വരാനിരിക്കുന്ന സെൻസസ് ചോദ്യാവലിയിൽ മാതാപിതാക്കളുടെ ജനനസ്ഥലവും മതവും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം അത്യന്തം അപലപനീയമാണെന്നും പിണറായി പ്രസ്താവനയിൽ പറഞ്ഞു.
സെൻസസും എൻപിആറും രണ്ടാണെങ്കിലും, സെൻസസിനൊപ്പം എൻപിആർ കൂടി ഉൾപ്പെടുത്താനാണ് കേന്ദ്രശ്രമം. എൻപിആറിലെ വിവരങ്ങൾ അരിച്ചെടുത്താണ് എൻആർസി ലിസ്റ്റ് തയ്യാറാക്കുന്നതെന്നും എൻപിആർ എന്നത് എൻആർസിയുടെ ആദ്യപടിയാണെന്നും 2018-19 ലെ ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. മാതാപിതാക്കളുടെ ജനനസ്ഥലം, മതം തുടങ്ങിയ ചോദ്യങ്ങൾ സെൻസസിൽ ഉൾപ്പെടുത്തുന്നത് എന്ത് ഉദ്ദേശിച്ചാണ് എന്നത് പകൽ പോലെ വ്യക്തമാണ്.
പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്ന ഒരു നയവും അംഗീകരിക്കാൻ കഴിയില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം ദുരൂഹമായ ചോദ്യങ്ങൾ സെൻസസിൽ നിന്ന് അടിയന്തരമായി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള സംഘപരിവാറിന്റെ ഈ അപകടകരമായ നീക്കത്തെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കാൻ രാജ്യത്തെ മതനിരപേക്ഷ സമൂഹം മുന്നോട്ടുവരണമെന്നും പിണറായി പറഞ്ഞു.
സെൻസസുമായി ബന്ധപ്പെട്ട് ഇത്തരമൊരു ആശങ്ക ഉയർന്നുവന്നിട്ടും കേരളത്തിലെ യുഡിഎഫ് സർക്കാർ പുലർത്തുന്ന മൗനം ആശങ്കാജനകമാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. എൻപിആർ വിഷയത്തിൽ കോൺഗ്രസിന്റെ കൈകൾ ഒട്ടും ശുദ്ധമല്ല എന്നതു തന്നെയാണ് ഇതിന്റെ പ്രധാനകാരണം. 2003 ലെ വാജ്‌പേയ് സർക്കാരിന്റെ പൗരത്വ നിയമഭേദഗതിയിലൂടെയാണ് എൻആർസിയും എൻപിആറും വന്നതെങ്കിലും, 2010 ൽ അത് ആദ്യമായി നടപ്പിലാക്കിയത് യുപിഎ സർക്കാരാണ്. എൻആർസിയിലേക്ക് നീളുന്ന എൻപിആർ, ഡിഎൻഎ പ്രൊഫൈലിംഗ് തുടങ്ങിയ അപകടകരമായ നയങ്ങൾക്ക് തുടക്കമിട്ടത് കോൺഗ്രസായതുകൊണ്ടാണ് ഈ വിഷയത്തിൽ യുഡിഎഫ് മൗനം പാലിക്കുന്നത്.
കേരളത്തിൽ എൻപിആർ നടപടികൾ ഒന്നും തന്നെ ഉണ്ടാവില്ലെന്ന് എൽഡിഎഫ് സർക്കാർ 2019 ൽ സർക്കാർ ഉത്തരവിലൂടെ തീരുമാനിച്ചതാണ്. 2027 ൽ സെൻസസ് നടപടികൾ പുനരാരംഭിക്കുന്ന വേളയിൽ അതിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല എന്നുറപ്പുവരുത്താൻ ഇക്കഴിഞ്ഞ എൽഡിഎഫ് സർക്കാർ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിരുന്നു. ഭരണ മാറ്റത്തോടെ കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ അജണ്ടകൾ ഒന്നൊന്നായി നടപ്പാക്കുന്ന രീതിയാണ് യുഡിഎഫ് സർക്കാർ അനുവർത്തിക്കുന്നത്. ഈ വിഷയത്തിലും അതേ വിധേയത്വം തുടരുമോ എന്ന് ജാഗ്രതപ്പെടേണ്ടതുണ്ടെന്നും പിണറായി പ്രസ്താവനയിൽ പറഞ്ഞു.










0 comments