print edition നവകേരളത്തിന് കൂട്ടായ പരിശ്രമം അനിവാര്യം : മുഖ്യമന്ത്രി

തിരുവനന്തപുരം
നവകേരളത്തിനുള്ള സുപ്രധാന ചുവടുവയ്‌പാണ് ‘വിഷൻ 2031 ’ എന്നും അതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള രൂപീകരണശേഷം കഴിഞ്ഞ ഏഴു പതിറ്റാണ്ടുകൊണ്ട് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കി നവകേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം– ‘വിഷൻ 2031: വികസനവും ജനാധിപത്യവും’ അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടനംചെയ്‌ത് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകശ്രദ്ധയാകർഷിച്ച കേരള മോഡൽ വികസനമാണ്. കാലഘട്ടത്തിനനുസരിച്ച് ഈ മാതൃക നവീകരിച്ച് പുതിയ കുതിച്ചുചാട്ടത്തിന് സംസ്ഥാനം തയ്യാറെടുക്കുകയാണ്. വ്യവസായ നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മുന്നേറി. ഐടി, വ്യവസായം, ലോജിസ്റ്റിക്‌സ് മേഖലകളിൽ പുതിയ നിക്ഷേപങ്ങൾ വരുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചും പരിസ്ഥിതിക്ക് കോട്ടംതട്ടാതെയുമുള്ള വ്യവസായ വളർച്ചയാണ് ലക്ഷ്യം.
കാർഷിക, മത്സ്യബന്ധന മേഖലകളിൽ ഉൽപ്പാദനക്ഷമത വർധിപ്പിക്കും. കാർഷികോൽപ്പന്ന മൂല്യവർധനവിനും വിപണനത്തിനും ആധുനിക സ്റ്റോറേജ് സംവിധാനങ്ങൾ ഒരുക്കും. കാലാവസ്ഥാ വ്യതിയാനം നേരിടാൻ ശാസ്ത്രീയ ജലപരിപാലനവും പുനരുപയോഗ ഊർജ സ്രോതസ്സുകളും ഉപയോഗപ്പെടുത്തും. ഗവേഷണത്തിനും പുതിയ കണ്ടെത്തലുകൾക്കും പ്രാധാന്യം നൽകി രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റും. ആരോഗ്യരംഗത്ത് പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം ജീവിതശൈലീ രോഗങ്ങൾക്കും വയോജന സംരക്ഷണത്തിനും പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കും.
മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും സംരക്ഷിച്ച് മാത്രമേ വികസനം സാധ്യമാകൂ. മതനിരപേക്ഷത കേരളത്തിൽ വെറുമൊരു ആശയമല്ല, ജനങ്ങളുടെ ജീവിതരീതിയാണ്. വികസന പ്രവർത്തനങ്ങളിൽ കർഷകർ, തൊഴിലാളികൾ, യുവാക്കൾ, സംരംഭകർ തുടങ്ങി എല്ലാവരുടെയും സഹകരണം ആവശ്യമാണ്. വിജ്ഞാനസമ്പദ്‌വ്യവസ്ഥയും നീതിയുക്തമായ സമൂഹവുമാണ് 2031-ലെ കേരളത്തിനായി വിഭാവനം ചെയ്യുന്നതെന്നും മുഖ്യ മന്ത്രി പറഞ്ഞു.









0 comments