print edition എൽഡിഎഫ് തകർന്നെന്ന് പറഞ്ഞവർക്ക് തിരുത്തേണ്ടിവന്നു: പിണറായി

കോവളം : കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടപ്പോൾ സിപിഐ എമ്മിനും എൽഡിഎ-ഫിനും ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്നുപറഞ്ഞവർക്ക് പുതിയ സാഹചര്യത്തിൽ തിരുത്തിപ്പറയേണ്ടിവന്നിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. കോവളത്ത് കോടിയേരി ബാലകൃഷ്‌ണൻ ഹാളിൽ സിപിഐ എമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേർന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാൻ സിപിഐ എമ്മിനായി. പരാജയമേറ്റാൽ തകർന്നുപോകുന്നവരല്ല കമ്യൂണിസ്‌റ്റുകാർ. കൂടുതൽ ഉത്തരവാദിത്വത്തോടെ ജനങ്ങൾക്കൊപ്പംനിന്ന് പ്രവർത്തിക്കുകയാണ് പാർടിയുടെ രീതി. കേരളത്തിലെ വലതുപക്ഷ ശക്തികളുടെ പ്രതീക്ഷയ്‌ക്ക് വിരുദ്ധമായ കാര്യങ്ങൾ സംഭവിച്ചിരിക്കുന്നു എന്നതാണ് ഇപ്പോൾ തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പിലുണ്ടായ വിജയമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ നാലുമാസംകൊണ്ടുതന്നെ കെടുകാര്യസ്ഥതയുടെ കേന്ദ്രമായി മാറി. 10 വർഷം ഇല്ലാതിരുന്ന ലോഡ്‌ഷെഡിങ് തിരിച്ചുവന്നിരിക്കുന്നു. എൽഡിഎഫ് ഭരിക്കുന്പോൾ ഇല്ലാതിരുന്നതെല്ലാം യുഡിഎഫ് ഭരിക്കുന്പോൾ തിരിച്ചുവരുന്നതിനുപിന്നിൽ കൃത്യമായ അജൻഡയുണ്ട്. സ്വകാര്യമേഖലയ്‌ക്ക് അവസരമൊരുക്കാനുള്ള നയമാണ് യുഡിഎഫിന്റെ ധവളപത്രം, നയപ്രഖ്യാപനം, ബജറ്റ് എന്നിവയിലുള്ളത്.
ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന നയങ്ങൾക്ക് തുടക്കം കുറിച്ചത് കോൺഗ്രസാണ്.
നവ ഉദാരവൽക്കരണത്തെ അംഗീകരിക്കുന്ന കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. ആർഎസ്‌എസ് നയത്തിൽനിന്ന് വ്യത്യസ്‌തമായ നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. ലേബർകോഡ്, ഉന്നതവിദ്യാഭ്യാസരംഗം തുടങ്ങി വഖഫ് ബോർഡിൽവരെ അത് കണ്ടതാണെന്നും പിണറായി വിജയൻ പറഞ്ഞു.
ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നത് ജനാധിപത്യത്തിന് ഭീഷണി
ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്ന ബിജെപി നീക്കം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയോഗം. പ്രതിപക്ഷത്തെ ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്ന നടപടി ജനാധിപത്യത്തിനുനേരെയുള്ള കടന്നാക്രമണമാണ്.
ഇഡി ഒരു അന്വേഷണ ഏജൻസിയല്ല.
ബിജെപിയുടെ രാഷ്‌ട്രീയ പ്രതികാരത്തിന്റെ ഉപകരണമായി അതിനെ മാറ്റി. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ റെയ്‌ഡ്, അറസ്‌റ്റ്, മാധ്യമ വിചാരണ എന്നിവ നടക്കും. ഒടുവിൽ തെളിവുകളുടെ അഭാവത്തിൽ കോടതികളിൽനിന്ന് ശാസനയേറ്റുവാങ്ങുകയും ചെയ്യും.
തങ്ങൾക്കു വഴങ്ങാത്ത രാഷ്‌ട്രീയ നേതാക്കളെ അപമാനിക്കാനും കുറച്ചുകാലം സംശയനിഴലിൽ നിർത്താനുമാണ് ഇൗ അന്വേഷണ ഏജൻസിയെ ഉപയോഗിക്കുന്നതെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.
തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക
ഗോപാൽഗൗഡ കമ്മിറ്റി നിർദേശങ്ങൾ കേരളത്തിൽ നടപ്പാക്കണമെന്നും കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് സിപിഐ എം വിപുലീകൃത ജില്ലാകമ്മി യോഗം ആവശ്യപ്പെട്ടു. ഇന്ത്യയിലെ തൊഴിലാളികൾ പൊരുതിനേടിയ 29 തൊഴിൽനിയമങ്ങൾ കേന്ദ്രസർക്കാർ ഭേദഗതിവരുത്തി, 4 ലേബർ കോഡുകളാക്കി നടപ്പാക്കുകയാണ്.
പാർലമെന്റിൽ ലേബർ കോഡിനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. കോൺഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ലേബർ കോഡുകൾ നടപ്പാക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും തൊഴിലാളികളെ പിരിച്ചുവിടുന്ന നിലപാടുകൾ ചില കന്പനികൾ തുടങ്ങിയിട്ടുണ്ടെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.









0 comments