print edition ജീവിച്ച കാലത്തെ തിരുത്താൻ ഇടപെട്ട നായിക: മുഖ്യമന്ത്രി

കൊച്ചി
താൻ ജീവിച്ച കാലത്തെ തിരുത്താൻ ഇടപെട്ട നായികമാരിലൊരാളാണ് ഡോ. എം ലീലാവതി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യാപനവും സാഹിത്യപ്രവർത്തനവുമായി ദന്തഗോപുരത്തിൽ വസിക്കുകയായിരുന്നില്ല, തന്റെ അഭിപ്രായം പറയേണ്ടഘട്ടത്തിൽ ധീരമായി പറയാനും മുന്നോട്ടുവന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശാഭിമാനി സാഹിത്യ പുരസ്‌കാരം ലീലാവതിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആൺകോയ്‌മയുടേതായ പലവിധ ആക്രമണങ്ങൾ മറികടന്നാണ് മലയാള സാഹിത്യ ലോകത്ത് ടീച്ചർ തന്റേതായ ഇരിപ്പിടം നേടിയത്. പൊതുരംഗത്ത് കെ ആർ ഗൗരിയമ്മയൊക്കെ സാധിച്ചതുപോലുള്ള വിപ്ലവകരമായ കടന്നുവരവായിരുന്നു അത്. എഴുത്തച്ഛനും വള്ളത്തോളും മുതൽ അരുന്ധതി റോയിവരെ എഴുത്തുകാരിലേക്ക് എത്തുകവഴി തലമുറകളുടെ വിടവ് ബാധിക്കാത്ത എഴുത്തുകാരിയായി അവർ സാഹിത്യ ചരിത്രത്തിൽ അടയാളപ്പെട്ടു.
ഗാസയിൽ ദുരിതമനുഭവിച്ച കുഞ്ഞുങ്ങളെക്കുറിച്ച് പിറന്നാൾ ദിനത്തിൽ ടീച്ചർ പറഞ്ഞത് അഭിമാനത്തോടെയാണ് നമ്മൾ ശ്രവിച്ചത്. മലയാളിയുടെ ചിന്ത എത്ര വിശാലമാണ്, സൂക്ഷ്‌മമാണ്, ധീരമാണ് എന്ന് നാം അഭിമാനംകൊണ്ടു. എന്നാൽ, ആർഷഭാരത സംസ്‌കാരത്തിന്റെ പേരിൽ കപടാഭിമാനം നടിക്കുന്നവർ ടീച്ചറെ പുലഭ്യം പറഞ്ഞു. അതുകേട്ട് ഭയക്കാനോ തിരുത്താനോ ടീച്ചർ തയ്യാറായില്ല. വർഗീയത പത്തിയെടുത്താൽ പേടിക്കുന്നവരുണ്ടാകാം, താൻ അവരിൽപ്പെടില്ലെന്ന് ടീച്ചർ തെളിയിച്ചു. ഒടുവിൽ പത്തിതാഴ്‌ത്തേണ്ടിവന്നത് വർഗീയവാദികൾക്കാണ്. കേരളത്തിന്റെ പൊതുമനസ്സാക്ഷിയിൽ മതനിരപേക്ഷതയ്‌ക്കാണ് സ്ഥാനമെന്ന് തന്റെ നിലപാടിലൂടെ ടീച്ചർ തെളിയിച്ചു.
ജനങ്ങളെ വസ്‌തുത അറിയിക്കുന്ന വാർത്താപ്രവർത്തനംപോലെ ദേശാഭിമാനിയുടെ സാംസ്‌കാരിക പ്രവർത്തനവും ഇതരമാധ്യമങ്ങൾക്ക് മാതൃകയാക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.










0 comments