Deshabhimani

കെസിഎച്ച്ആർ; യുഡിഎഫ് കാർമികത്വത്തിൽ ആർഎസ്എസ് പ്രചാരകരെ കുടിയിരുത്തുന്നു; ഒറ്റക്കെട്ടായി ചെറുക്കും: പിണറായി

Pinarayi Vijayan Press Meet
വെബ് ഡെസ്ക്

Published on Nov 11, 2026, 12:59 PM | 2 min read

തിരുവനന്തപുരം : കേരള ചരിത്ര ഗവേഷണ കൗൺസിൽ (കെസിഎച്ച്ആർ) ചെയർപേഴ്സൺ നിയമനം അട്ടിമറിച്ച യുഡിഎഫ് സർക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രൊഫ. കെ എൻ പണിക്കർ, പ്രൊഫ. മൈക്കിൾ തരകൻ, പ്രൊഫ. കെ എൻ ഗണേഷ്‌ തുടങ്ങിയ പ്രഗത്ഭരായ ചരിത്രകാരന്മാർ നേതൃത്വം നൽകിയ, മതനിരപേക്ഷ ചരിത്രരചനയുടെ അഭിമാനപാരമ്പര്യമുള്ള സ്ഥാപനമാണിത്. സെർച്ച് കമ്മിറ്റി നിർദേശിച്ച പേരുകൾ ഏകപക്ഷീയമായി വെട്ടിമാറ്റി, യോഗ്യതയില്ലാത്ത ഒരാളെയാണ് ഈ പദവിയിൽ നിയമിച്ചത്.


​സെർച്ച് കമ്മിറ്റി പരിഗണിക്കുകപോലും ചെയ്യാത്ത ഒരു കോളേജ് അധ്യാപകനെ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് ഇടപെട്ടാണ് ചെയർമാനായി നിയമിച്ചിരിക്കുന്നത്. യുഡിഎഫ് സർക്കാർ തന്നെ നിയോഗിച്ച സെർച്ച് കമ്മിറ്റിയെ നോക്കുകുത്തിയാക്കി, ഉദ്യോഗസ്ഥൻ എടുത്ത ഈ തീരുമാനം കെസിഎച്ച്ആറിനെ കാവിവൽക്കരിക്കാനുള്ള അജണ്ടയുടെ ഭാഗമാണ്. ​ജനാധിപത്യവിരുദ്ധമായ ഈ നടപടിയിൽ പ്രതിഷേധിച്ച് സെർച്ച് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. സനൽ മോഹനും ഡോ. വി ജെ വർഗീസും സർക്കാരിന് വിയോജനക്കുറിപ്പ് നൽകിക്കഴിഞ്ഞു. ഇതിനുപുറമെ, വിഖ്യാത ചരിത്രകാരന്മാരായ പ്രൊഫ. ജാനകി നായർ, പ്രൊഫ. ലക്ഷ്മി സുബ്രഹ്മണ്യൻ, പ്രൊഫ. മനു വി ദേവദേവൻ എന്നിവർ കെസിഎച്ച്ആർ നിർവാഹക സമിതിയിൽ നിന്ന് രാജിവെച്ചതും സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നുണ്ട്.


​കേന്ദ്രത്തിൽ അധികാരത്തിൽ വരുമ്പോഴെല്ലാം ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിനെ (ഐസിഎച്ച്ആർ) കാവിവൽക്കരിക്കാൻ ആർഎസ്എസ് ശ്രമിച്ചിട്ടുണ്ട്. 2015ൽ എൻഡിഎ സർക്കാർ ഐസിഎച്ച്ആറിന്റെ തലപ്പത്ത് ആർഎസ്എസ് പ്രചാരകരെ കുടിയിരുത്തിയതിന് സമാനമായ അജണ്ടയാണ് ഇപ്പോൾ കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ കാർമികത്വത്തിൽ നടക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ പാസാക്കിയപ്പോൾ ഗവർണർക്കൊപ്പം നിന്ന് സർക്കാരിനെതിരെ പ്രവർത്തിച്ച അതേ ഉദ്യോഗസ്ഥനാണ് ഇപ്പോൾ കെസിഎച്ച്ആറിലും ആർഎസ്എസ്‌ അജണ്ട നടപ്പിലാക്കുന്നത്. ഇതിന് പിന്നിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ വ്യക്തിപരമായ താല്പര്യങ്ങളുണ്ടെന്ന വാർത്തകളും ദുരൂഹത വർധിപ്പിക്കുന്നു.


യോഗ്യതയില്ലാത്ത വ്യക്തിയെ ചരിത്ര ഗവേഷണ കൗൺസിൽ തലപ്പത്തു കുടിയിരുത്തിയ സർക്കാർ തീരുമാനം അടിയന്തരമായി പുനപരിശോധിക്കണം. യോഗ്യതയില്ലാത്തവരെ വൈസ് ചാൻസലർമാരായും സ്ഥാപന തലവൻമാരായും നിയമിക്കുന്നവരാണ് കേരള പിഎസ്‍സിയെ അധിക്ഷേപിക്കാൻ രംഗത്തിറങ്ങിയിട്ടുള്ളത്. ഈ ഇരട്ടത്താപ്പും രാഷ്ട്രീയകേരളം ചർച്ച ചെയ്യണം. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെയും ചരിത്രഗവേഷണ സ്ഥാപനങ്ങളെയും മതനിരപേക്ഷവിരുദ്ധ ചേരിക്ക് തീറെഴുതുന്ന ഈ അപകടകരമായ നീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കുക തന്നെ ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home