print edition ‘നോ ക്യാപ്' ഹൈക്കോടതി വിധി; അപ്രഖ്യാപിത സെൻസർഷിപ്പിനേറ്റ പ്രഹരം: പിണറായി വിജയൻ

പിണറായി വിജയൻ
തിരുവനന്തപുരം : സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുന്ന സർക്കാരിന്റെ അപ്രഖ്യാപിത സെൻസർഷിപ്പിനേറ്റ കനത്ത പ്രഹരമാണ് ‘നോ ക്യാപ്' ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് അനുകൂലമായ ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
മുഖ്യമന്ത്രി വി ഡി സതീശൻ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച ഒരു നുണകൂടി പൊളിഞ്ഞു. തനിക്കെതിരെയുള്ള വിമർശം ഫെയ്‌സ്‌ബുക്കിൽനിന്ന് നീക്കം ചെയ്യിപ്പിക്കാൻ താനത്ര ‘മഹാസംഭവ'മാണോ എന്ന് പരിഹസിച്ച മുഖ്യമന്ത്രിയുടെ തനിനിറമാണ് ഇപ്പോൾ വെളിവാകുന്നത്.
മാധ്യമപ്രവർത്തകർക്കുവേണ്ടി താൻ തന്നെ മെറ്റയ്ക്ക് കത്തെഴുതാമെന്ന് പരിഹസിച്ച മുഖ്യമന്ത്രി, മറുഭാഗത്ത് പൊലീസിനെയും ഭരണസംവിധാനങ്ങളെയും ഉപയോഗിച്ച് സർക്കാരിനെ വിമർശിക്കുന്ന പേജുകൾ എന്നെന്നേക്കുമായി പൂട്ടിക്കെട്ടാൻ രഹസ്യനിർദേശം നൽകുകയായിരുന്നു.
‘കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ' എന്ന കർഷക കൂട്ടായ്മയുടെ ഫെയ്‌സ്‌ബുക്ക് പേജ് നിരോധിച്ച കേസിൽ ആ പേജ് പൂർണമായി ബ്ലോക്ക് ചെയ്യാൻ മെറ്റയോട് ആവശ്യപ്പെട്ടത് സർക്കാർതന്നെയാണെന്ന് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായി.
ഭരണപരാജയം മറച്ചുവയ്‌ക്കാനായി വിമർശകരുടെ ശബ്ദം ഇല്ലാതാക്കുന്ന ഏകാധിപത്യരീതി പ്രബുദ്ധകേരളം വച്ചുപൊറുപ്പിക്കില്ല.
അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന മാധ്യമവേട്ടകൾക്കും സൈബർ സെൻസർഷിപ്പിനുമെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണം. ജനാധിപത്യത്തിൽ വിയോജിക്കാനുള്ള അവകാശത്തെ പൊലീസ് രാജ് കൊണ്ട് നേരിടാമെന്ന് കരുതേണ്ട. വിമർശങ്ങളെയും ജനകീയ സമരങ്ങളെയും അധികാരം ഉപയോഗിച്ച് അടിച്ചമർത്താമെന്നത് യുഡിഎഫ് സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.









0 comments