ad
Deshabhimani

print edition വനംമന്ത്രിയുടെ നിലപാട്‌ നിരുത്തരവാദപരം: പിണറായി വിജയൻ

Pinarayi Vijayan Media Room Press Meet
വെബ് ഡെസ്ക്

Published on Jun 07, 2026, 12:21 AM | 1 min read

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടുവർഷമെടുക്കുമെന്ന വനംമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. ജീവനും സുരക്ഷയും ഉറപ്പാക്കാൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുവെന്ന്‌ അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.


മലയോരജനതയ്‌ക്ക്‌ നൽകിയ വാഗ്‌ദാനങ്ങളിൽനിന്ന് യുഡിഎഫ് സർക്കാർ പിൻവാങ്ങുന്പോൾ ഈ ഘട്ടത്തിൽ നാല് മനുഷ്യജീവനാണ്‌ നഷ്ടമായത്.

മനുഷ്യ–വന്യജീവി സംഘർഷ ലഘൂകരണത്തിന്‌ സമഗ്ര കർമപദ്ധതികളാണ് എൽഡിഎഫ് ആവിഷ്‌കരിച്ചിരുന്നത്.


അവ പുതിയ മട്ടിൽ അവതരിപ്പിച്ചതല്ലാതെ നൂതന പരിഹാരമാർഗം നിർദേശിക്കുന്നില്ല. പ്രതിബദ്ധതയോടെയും ശാസ്‌ത്രീയ മാർഗങ്ങളിലൂടെയും മനുഷ്യ–വന്യജീവി സംഘർഷം കുറയ്‌ക്കാൻ കഴിഞ്ഞ സർക്കാരിനായി. അന്ന് കുറ്റംചാർത്തിയവരാണ് പ്രതിവിധികളില്ലെന്ന്‌ പറഞ്ഞ്‌ ഇന്ന്‌ തടിതപ്പുന്നത്‌.


വന്യജീവി ആക്രമണം നേരിടാൻ പ്രധാന തടസ്സം 1972-ൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന വന്യജീവി സംരക്ഷണ നിയമമാണ്. സംസ്ഥാനങ്ങളുടെ പൂർണ അധികാരത്തിലായിരുന്ന വിഷയം കൺകറന്റ്‌ ലിസ്റ്റിലേക്ക് മാറ്റിയത്‌ അങ്ങനെയാണ്.


ഭരണഘടനയുടെ 252–-ാം അനുച്ഛേദപ്രകാരം പാർലമെന്റ്‌ പാസാക്കിയ നിയമത്തിലെ 11 (1) എ വകുപ്പും അതുപ്രകാരമുള്ള കർശന നിയന്ത്രണങ്ങളുമാണ് വെല്ലുവിളി. നിയമം പാസാക്കിയ കോൺഗ്രസും അതിൽ കാലാനുസൃത ഭേദഗതികൾക്ക്‌ തയ്യാറാകാത്ത ബിജെപിയും ഒരുപോലെ കുറ്റക്കാരാണ്.


ഫെഡറൽ വ്യവസ്ഥയുടെ പരിമിതിക്കുള്ളിൽനിന്ന്‌ ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകാനാണ് എൽഡിഎഫ് സർക്കാരുകൾ ശ്രമിച്ചത്. വന്യജീവി സംരക്ഷണ ഭേദഗതി ബിൽ, വനം ഭേദഗതി ബിൽ എന്നിവ പാസാക്കി.


ഗവർണർ ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവയ്‌ക്കുകയും രാഷ്ട്രപതിക്ക് അയക്കുകയുംചെയ്തു. കേന്ദ്രനിയമങ്ങൾ പ്രതിബന്ധമാണെന്ന വനംമന്ത്രിയുടെ മുൻകൂർ ജാമ്യം യുഡിഎഫിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്‌– പിണറായി വാർത്താകുറിപ്പിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home