print edition ജനസംഖ്യാ വ്യതിയാന സമിതി; വർഗീയ ധ്രുവീകരണത്തിന് രാഷ്ട്രീയനീക്കം

തിരുവനന്തപുരം: ദേശീയസുരക്ഷയുടെ മറവിൽ ആഭ്യന്തരമന്ത്രാലയം രൂപീകരിച്ച ജനസംഖ്യാ വ്യതിയാന സമിതി, രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയനീക്കമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
13ന് കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷനായ യോഗത്തിൽ സമിതിയുടെ പ്രവർത്തനം വിലയിരുത്തി. ആർഎസ്എസ് മേധാവി ഉൾപ്പെടെയുള്ളവരുടെ രാഷ്ട്രീയപ്രസംഗങ്ങളുടെ ഉള്ളടക്കമാണ് പ്രവർത്തനവ്യവസ്ഥയായി നിശ്ചയിച്ചത്. പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ ജനസംഖ്യാ, പൗരത്വ രജിസ്റ്ററുകളുടെയും തുടർച്ചയാണ് ഈ സമിതിയെന്ന് വേണം കണക്കാക്കാൻ.
ഔദ്യോഗിക സെൻസസ് വിവരങ്ങൾക്ക് കാത്തുനിൽക്കാതെ, അതിർത്തി ജില്ലകളെയും മെട്രോ നഗരങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന ഈ പ്രത്യേകനീക്കം ജനങ്ങളിൽ ഭീതിയും വിഭജനവുമുണ്ടാക്കും. വോട്ടർപട്ടിക തീവ്രപരിശോധനയുടെ മറവിൽ പൗരത്വപരിശോധനകൂടി നടത്താനാണ് കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പ് കമീഷനും തുനിഞ്ഞത്.
തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ സെൻസസിന് മുമ്പുതന്നെ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ വ്യതിയാനം പഠിക്കാനാണിപ്പോൾ പുതിയ സമിതിയെ നിശ്ചയിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളിൽ ഇത് വലിയ ആശങ്കയയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
വിദ്വേഷരാഷ്ട്രീയം വിതറി തെരഞ്ഞെടുപ്പിൽ നേട്ടംകൊയ്യാനുള്ള ആർഎസ്എസ് അജൻഡയ്ക്കെതിരെ മതനിരപേക്ഷ കക്ഷികൾ രംഗത്തുവരണം. സെൻസസിന്റെ ഭാഗമായി കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കില്ലെന്ന് എൽഡിഎഫ് സർക്കാർ ഉറപ്പുവരുത്തിയിരുന്നു. ഇൗ ജാഗ്രത തുടരാൻ യുഡിഎഫ് സർക്കാർ തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.










0 comments