ഓരോ വംശീയ സംഘർഷവും മുറിവേൽപ്പിക്കുന്നത് മനുഷ്യത്വത്തെ: മുഖ്യമന്ത്രി

തിരുവനന്തപുരം > ഗുരു ഉദ്‌ബോധിപ്പിച്ച കാര്യങ്ങളെല്ലാം തന്നെ ഏറെ പ്രസക്തമായി തുടരുന്ന കാലത്താണ് ഇത്തവണത്തെ ശിവഗിരി തീർത്ഥാടനം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ വംശീയ സംഘർഷവും മുറിവേൽപ്പിക്കുന്നത് മനുഷ്യത്വത്തെയാണ്. ചോർന്നുപോകുന്ന മനുഷ്യത്വം മനുഷ്യരിൽ ഉൾചേർക്കുവാൻ എന്താണു വഴി എന്നാലോചിക്കുമ്പോഴാണ് ഗുരുസന്ദേശങ്ങൾക്കുള്ള പ്രസക്തി കൂടുതൽ വ്യക്തമാകുന്നത്. ഗുരുസന്ദേശങ്ങൾക്ക് സാർവദേശീയവും സർവകാലികവുമായ പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈക്കം സത്യഗ്രഹം, ആലുവ സർവ്വമത സമ്മേളനം എന്നിങ്ങനെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ സമ്പുഷ്ടമാക്കിയ സുപ്രധാന സംഭവങ്ങളുടെ ശതാബ്ദി ഘട്ടമാണിത്. ആ ചരിത്രസംഭവങ്ങൾ മുന്നോട്ടുവെച്ച ആശയങ്ങളും അവയുടെ പശ്ചാത്തലത്തിൽ ഒരു നൂറ്റാണ്ടുമുമ്പ് ഗുരു ഉദ്‌ബോധിപ്പിച്ച കാര്യങ്ങളും എല്ലാംതന്നെ ഏറെ പ്രസക്തമായി തുടരുന്ന കാലത്താണ് ഇത്തവണത്തെ ശിവഗിരി തീർത്ഥാടനം നടക്കുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും മതത്തിന്റെ പേരിലുള്ള ചിന്തകൾ തീവ്രവാദത്തിലേക്കും അതിനപ്പുറം ഭീകരവാദത്തിലേക്കും നീങ്ങുന്നതിന്റെ റിപ്പോർട്ടുകൾ നിത്യേന പുറത്തു വരുന്നുണ്ട്. വംശീയ വേർതിരിവുകളാലും അതിന്റെ അടിസ്ഥാനത്തിലുള്ള സംഘർങ്ങളാലും ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ചോരപ്പുഴകൾ ഒഴുകുന്നുണ്ട്. മനുഷ്യർക്ക് വംശീയമായ വിദ്വേഷത്തിന്റെ തീജ്വാലകളിൽനിന്നു രക്ഷപ്പെടാൻ കൂട്ടപലായനം ചെയ്യേണ്ടിവരുന്നുണ്ട്. എല്ലായിടത്തും ചോർന്നുപോകുന്നതു മനുഷ്യത്വമാണ്. അത് പലസ്തീനിലായാലും, അഫ്ഗാനിസ്ഥാനിലായാലും മണിപ്പൂരിലായാലും മറ്റെവിടെയായാലും ശരി ഓരോ വംശീയ സംഘർഷവും മുറിവേൽപ്പിക്കുന്നത് മനുഷ്യത്വത്തെയാണ്.
ചോർന്നുപോകുന്ന മനുഷ്യത്വം മനുഷ്യരിൽ ഉൾചേർക്കുവാൻ എന്താണു വഴി എന്നാലോചിക്കുമ്പോഴാണ് ഗുരുസന്ദേശങ്ങൾക്കുള്ള പ്രസക്തി കൂടുതൽ വ്യക്തമാവുക. ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും പേരിൽ അക്രമം നടത്തുന്നവരിലേക്ക് 'പലമതസാരവുമേകം' എന്ന ഗുരുസന്ദേശം എത്തിക്കാൻ കഴിഞ്ഞാൽ അത് വലിയതോതിൽ മാറ്റങ്ങൾ സൃഷ്ടിക്കും.
സാമൂഹിക പരിഷ്‌കർത്താവായിരുന്ന ശ്രീ നാരായണഗുരുവിനെ കേവലം ഒരു മത നേതാവായി കാണിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. ഗുരുവിനു മതമില്ല എന്നു മനസ്സിലാക്കണം. ഗുരുവിനു ജാതിയില്ല എന്നു മനസ്സിലാക്കണം. ലോകത്ത് മനുഷ്യരായിപ്പിറന്ന മുഴുവനാളുകൾക്കും എല്ലാ കാലവും ഗുരുവായിരിക്കേണ്ട ഒരു മഹാവ്യക്തിത്വത്തെ നമ്മുടെ പരിമിതമായ കാഴ്ചവട്ടത്തിനുള്ളിലെ ഒരു ജാതിയിലോ മതത്തിലോ ആയി തളച്ചിടുന്നതു ശരിയാണോ എന്ന് ചിന്തിക്കണം. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു കേരളത്തെയാണ് ശ്രീനാരായണഗുരു സ്വപ്‌നം കണ്ടത്. സഹോദരങ്ങളായി എല്ലാവരും പാർക്കുന്ന മാതൃകാസ്ഥാനമായാണ് അദ്ദേഹം നാടിനെ സങ്കൽപ്പിച്ചത്. അത് സാക്ഷാൽക്കരിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കം ഒരു ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ. അങ്ങനെയുണ്ടായാൽ അതിനെ ചെറുത്തുതോൽപ്പിക്കുമെന്ന ദൃഢപ്രതിജ്ഞയോടെ വേണം ഇവിടെയെത്തുന്ന ഓരോ തീർത്ഥാടകനും മടങ്ങാനെന്നും മുഖ്യമന്ത്രി പറഞ്ഞു.










0 comments