print edition വിഇഎച്ച് ഗ്ലോബൽ കരാർ: മുഖ്യമന്ത്രിയുടെ വാദത്തിന് വസ്തുതയുമായി പൊരുത്തമില്ല: പിണറായി

തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബൽ കമ്പനിയുമായുള്ള അഴിമതിക്കരാറിനെ വെള്ളപൂശാൻ മുഖ്യമന്ത്രി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനം ദുരൂഹത വർധിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ടെൻഡറിൽ ആരും പങ്കെടുത്തില്ലെന്നും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായിരുന്നില്ലെന്നുമുള്ള വാദങ്ങൾ വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല. 2026 സെപ്‌തംബർ 10-ന് തുറന്ന ടെൻഡർ ഒക്ടോബറിലെ പീക്ക് വൈദ്യുതിക്കായിരുന്നില്ല; ഒക്ടോബർ മുതൽ മെയ് വരെയുള്ള രാത്രികാല വൈദ്യുതിക്കും മാർച്ച്–-മെയ് പീക്ക് സമയത്തേക്കുമുള്ളതായിരുന്നു. ആഗസ്‌ത് 20-ന് ഡീപ്പ് പോർട്ടലിൽ പ്രസിദ്ധീകരിച്ച ഈ ടെൻഡറിൽ 19 കമ്പനികൾ പങ്കെടുത്തതായി വൈദ്യുതി റഗുലേറ്ററി കമീഷന്റെ ഒക്‌ടോബർ 29ലെ പെറ്റീഷൻ 42/2026ൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബറിലെ പീക്ക് വൈദ്യുതിക്കായുള്ള അടുത്ത ടെൻഡർ തുറന്നത് സെപ്‌തംബർ 25നാണ്. എന്നാൽ സെപ്‌തംബർ 23-ന് തന്നെ വിഇഎച്ചുമായി കരാറൊപ്പിട്ടു. സെപ്‌തംബർ 14-ന് പ്രസിദ്ധീകരിച്ച് 25-ന് തുറന്ന ടെണ്ടറിൽ ഒക്ടോബർ പീക്ക് ഉൾപ്പെടുത്തിയിട്ടും ആരും ഓഫർ നൽകിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ന്യായീകരണം. പക്ഷേ, 25-ന് തുറക്കുന്ന ടെൻഡറിൽ ആരും ഓഫർ നൽകില്ലെന്ന് 23-ന് കരാർ ഒപ്പിടുമ്പോൾ എങ്ങനെ മനസ്സിലായി? വിഇഎച്ച് കരാറിന് ന്യായീകരണം ഉണ്ടാക്കാനാണ് സെപ്‌തംബർ 14-ലെ ടെൻഡറിൽ ഒക്ടോബർ പീക്ക് ഉൾപ്പെടുത്തിയതെന്ന് സംശയിക്കാൻ ന്യായമായ കാരണങ്ങളുണ്ട്.
ഒക്ടോബറിലെ പീക്ക് സമയത്തേക്ക് ആവശ്യമായ വൈദ്യുതി കെഎസ്ഇബി നേരത്തെ ഉറപ്പാക്കിയിരുന്നു. മൂന്ന് കരാറുകളിലൂടെ 788 മെഗാവാട്ടും സ്വാപ്പ് കരാർ കാലാവധി കഴിഞ്ഞതിലൂടെ 300 മെഗാവാട്ടും ഉൾപ്പെടെ 1088 മെഗാവാട്ട് ലഭ്യമായിരുന്നു. പ്രതിസന്ധിയുമില്ലാതിരുന്ന സമയത്താണ്, കാറ്റുണ്ടെങ്കിൽ മാത്രം ലഭിക്കുന്ന കാറ്റാടി വൈദ്യുതിക്കായി അമിതവിലയ്ക്ക് ഈ കൊള്ളക്കരാർ ഒപ്പുവെച്ചത്. വിഇഎച്ച് ഗ്ലോബലിൽ നിന്ന് കരാർ പ്രകാരമുള്ള വൈദ്യുതി കിട്ടാതിരുന്നിട്ടും ഒക്ടോബറിൽ കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയുണ്ടായില്ലെന്നത് കരാർ അനാവശ്യമായിരുന്നു എന്നതിന് തെളിവാണ്.
കാറ്റിന്റെ ലഭ്യത കുറഞ്ഞതുകൊണ്ടുമാത്രം കൊള്ള പ്രതീക്ഷിച്ച രീതിയിൽ നടക്കാതെ പോയതിനെ ന്യായീകരണമാക്കുകയാണ് മുഖ്യമന്ത്രി. വിഇഎച്ച് ഗ്ലോബലിന്റെ ഉടമസ്ഥരായ ഇനോക്‌സ് ജിഎഫ്‌എൽ സെബി അന്വേഷണവും കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നടപടികളും നേരിടുന്ന കമ്പനിയാണ്. തൊടുന്യായങ്ങൾ മാറ്റിവെച്ച് ജിഎൻഎ, വിഇഎച്ച്, ഹിമാചൽ കരാറുകളുടെ മുഴുവൻ രേഖകളും പുറത്തുവിടാനും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാനും സർക്കാർ തയ്യാറാകണമെന്നും പിണറായി പ്രസ്‌താവനയിൽ പറഞ്ഞു.







0 comments