കേന്ദ്രം റേഷൻ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു : മുഖ്യമന്ത്രി

തിരുവനന്തപുരം
റേഷൻ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബദല്‍ നയം നടപ്പാക്കിയാണ് കേരളം വേറിട്ടുനില്‍ക്കുന്നത്. റേഷൻ വിതരണം ഇത്രയും സുഗമമായ രീതിയില്‍ നടക്കുന്ന മറ്റൊരു സംസ്ഥാനമില്ല. കേരളത്തിലെ 57 ശതമാനം വരുന്ന മുൻഗണനക്കാര്‍ ഭക്ഷ്യഭദ്രതാ നിയമത്തിന് പുറത്താണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അവരെക്കൂടി ഉള്‍ക്കൊണ്ടാണ് ഈ സംവിധാനം മുന്നോട്ട് കൊണ്ടുപോകുന്നത്. ഓണത്തിന് 8.30 രൂപയ്ക്ക് കേരളത്തിന് അരിവിഹിതം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒരുമണി അരിപോലും അധികം നല്‍കാൻ കഴിയില്ലെന്നാണ് മറുപടി നല്‍കിയത്. വേണമെങ്കില്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്ന വിലയ്ക്ക് വാങ്ങിക്കോളാനാണ് നിര്‍ദേശം.
പ്രളയം, കോവിഡ് അടക്കമുള്ള ദുരന്തഘട്ടങ്ങളിലും സൗജന്യ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്രം നല്‍കിയില്ല. എന്നാല്‍, എന്തെല്ലാം പ്രയാസങ്ങള്‍ ഉണ്ടായാലും തടസ്സങ്ങള്‍ സൃഷ്ടിച്ചാലും സാധാരണക്കാരന് ആശ്വാസമേകുന്ന നടപടിയില്‍നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകില്ല. അര്‍ഹമായ കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ സാമ്പത്തിക പ്രയാസങ്ങളുണ്ട്. അതൊന്നും കേരളത്തിന്റെ വികസനത്തിന് തടസ്സമാകില്ല. അധിക വിഭവസമാഹരണത്തിലൂടെ നാടിന്റെ വികസനവും ക്ഷേമവും ഉറപ്പാക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തില്ല– മുഖ്യമന്ത്രി പറഞ്ഞു.








0 comments