പിന്മാറാൻ കഴിയാത്ത ഒന്നല്ല പിഎം ശ്രീ; കേന്ദ്രത്തിന് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചത് എന്ത് അടിസ്ഥാനത്തിലെന്ന് പ്രതിപക്ഷനേതാവ്

പിണറായി വിജയൻ
തിരുവനന്തപുരം: ഒപ്പിട്ടതുകൊണ്ട് മാത്രം മുന്നോട്ടുപോകുന്ന പദ്ധതിയല്ല പിഎം ശ്രീയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാർ നയപരമായി തീരുമാനിച്ചാൽ മാത്രമേ പിഎം ശ്രീ നടപ്പാകൂ. അത്തരമൊരു നയംമാറ്റത്തിന് യുഡിഎഫ് സർക്കാരിനെ പ്രേരിപ്പിച്ച ഘടകമെന്താണെന്ന് വ്യക്തമാക്കണം. കേന്ദ്രസർക്കാർ എന്തെങ്കിലും പ്രത്യേക അറിയിപ്പ് സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ടോ? പദ്ധതിയെ അതിനിശിതമായി എതിർത്ത യുഡിഎഫ് ഇപ്പോൾ പദ്ധതി നടപ്പാക്കാൻ മുന്നോട്ടുവരുന്നതിന്റെ ഉദ്ദേശശുദ്ധി വിശദീകരിക്കണമെന്നും പിണറായി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പിഎം ശ്രീ പദ്ധതിയുടെ പേരിൽ തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് വലിയതോതിലുള്ള വിവാദമാണ് ഉയർത്തിയത്. എൽഡിഎഫ് സർക്കാർ ബിജെപിയുമായി ഡീലുണ്ടാക്കിയെന്നും അതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും യുഡിഎഫ് അന്ന് ആരോപിച്ചു. അധികാരത്തിലെത്തിയാൽ പിഎം ശ്രീ നടപ്പാക്കില്ലെന്നും അറബിക്കടലിലെറിയും എന്നുമൊക്കെ യുഡിഎഫ് നേതാക്കൾ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ് സർക്കാർ മുന്നോട്ടുവരികയാണ്.
തെരഞ്ഞെടുപ്പിന് മുൻപ് ഉയർത്തിയ എതിർപ്പുകൾ മാറ്റിവെച്ച് കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചത് എന്ത് അടിസ്ഥാനത്തിലാണ് എന്നതിന് യുഡിഎഫ് ഉത്തരം നൽകണം. മുൻ എൽഡിഎഫ് സർക്കാർ ധാരാണപത്രം ഒപ്പിട്ടെന്നും അതിനാൽ പിന്നോട്ടുപോകാനാകില്ലെന്നുമാണ് ഇതിന്റെ ന്യായീകരണമായി സർക്കാർ പറയുന്നത്. ഇത് വാസ്തവവിരുദ്ധമാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പിഎം ശ്രീ നടപ്പാക്കിയിട്ടുണ്ട്. ഒരു വിയോജിപ്പും ഒരു കോൺഗ്രസ് സർക്കാരും ഉയർത്തിയിട്ടില്ല. കോൺഗ്രസിന്റെ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണ്. അത് കേരളത്തിലും നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിഎം ശ്രീ ഒപ്പിടാത്തതിന്റെ ഭാഗമായി എസ്എസ്കെ ഫണ്ട് തടഞ്ഞുവെച്ചു. ഇത് വിദ്യാഭ്യാസമേഖലയെ വരിഞ്ഞുമുറുക്കുന്ന സ്ഥിതിയുണ്ടാക്കി. ആ സാഹചര്യത്തിലാണ് എൽഡിഎഫ് സർക്കാർ പ്രതിസന്ധി ഒഴിവാക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടത്. പക്ഷേ ധാരണാപത്രം അനുസരിച്ചുള്ള ഒരുനടപടിയും മുന്നോട്ടുപോയില്ല. ഒരു മാസത്തിനുള്ളിൽതന്നെ ധാരണാപത്രം പൂർണമായും മരവിപ്പിക്കുന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. ഇത് വ്യക്തമാക്കിക്കൊണ്ട് 2025 നവംബർ 12ന് കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കത്തയക്കുകയും ചെയ്തു.
ഒരു തവണ ധാരാണപത്രത്തിൽ ഒപ്പിട്ടാൽ സംസ്ഥാന സർക്കാരിന് പിന്മാറാനാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് മാത്രം പദ്ധതി നടപ്പാകില്ല. മോണിറ്ററിങ് കമ്മിറ്റികൾ രൂപീകരിക്കുക, സ്കൂളുകളുടെ ലിസ്റ്റുകൾ കേന്ദ്രത്തിന് അയക്കുക തുടങ്ങിയ നടപടിക്രമങ്ങൾ പിന്നീട് സ്വീകരിക്കേണ്ടതായിരുന്നു. എന്നാൽ കേരളത്തിൽ അത്തരത്തിൽ ഒരുനടപടിയും സ്വീകരിച്ചില്ല. പിഎം ശ്രീയിൽ കേന്ദ്രം നിഷ്കർഷിക്കുന്ന കാര്യങ്ങളൊന്നും നടപ്പാക്കാൻ സംസ്ഥാനസർക്കാർ തയ്യാറാകുന്നില്ലെങ്കിൽ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ല. അതുകൊണ്ടാണ് ഇപ്പോഴും പദ്ധതി നടപ്പാകാതിരിക്കുന്നത്. പിഎം ശ്രീ കേരളത്തിൽ നടപ്പായില്ല എന്നതാണ് വസ്തുത.
ഏത് സാഹചര്യത്തിലും ഉപേക്ഷിക്കാവുന്ന ഒന്നുമാത്രമാണ് പിഎം ശ്രീ പദ്ധതി. ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് പിന്മാറാനാകില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടോ? പിഎം ശ്രീയിൽ കരാർ ഒപ്പിട്ടെങ്കിൽപോലും അതിൽനിന്ന് പിന്മാറാമെന്നതിന് ഉദാഹരണം രാജ്യത്തുണ്ട്. 2022 ഒക്ടോബറിൽ പഞ്ചാബ് സർക്കാർ പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. എന്നാൽ ഒൻപത് മാസങ്ങൾക്ക് ശേഷം 2023 ജൂലൈയിൽ ഔദ്യോഗികമായിതന്നെ പദ്ധതിയിൽനിന്ന് പഞ്ചാബ് സർക്കാർ പിന്മാറി.
കേരളത്തിൽ പിഎം ശ്രീയുടെ ഭാഗമായി പണം ലഭിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധമാണ്. കേന്ദ്രസർക്കാർ കേരളത്തിന് പിഎം ശ്രീയുടെ പണം നൽകിയിട്ടില്ല എന്ന് പാർലമെന്റിൽതന്നെ മറുപടി ലഭിച്ചതാണ്. എന്നിട്ടും വസ്തുതാവിരുദ്ധമായ കാര്യം മുഖ്യമന്ത്രി ഉന്നയിച്ചത് എന്ത് അടിസ്ഥാനത്തിലാണ്? എസ്എസ്കെ ഫണ്ടാണ് കേരളത്തിന് ലഭിച്ചത്. ഇതിന് പിഎം ശ്രീയുമായി ഒരു ബന്ധവുമില്ല. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ എസ്എസ്കെയുടെ ഭാഗമായി 1158 കോടി രൂപയുടെ ഫണ്ടാണ് കേരളത്തിന് നഷ്ടമായത്.
സംസ്ഥാന സർക്കാരിന് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ഏത് പ്രശ്നവും കേന്ദ്രത്തെ അറിയിക്കാൻ അവകാശമുണ്ട്. ചുരുക്കത്തിൽ സംസ്ഥാന സർക്കാർ മുൻകൈ എടുത്താൽ മാത്രമേ പിഎം ശ്രീ നടപ്പിലാകൂ എന്നതാണ് അവസ്ഥയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.










0 comments