ad
Deshabhimani

ഹോർമുസ് കടന്ന് ഫ്രഞ്ച് കപ്പൽ; ആഗോള ഇന്ധന വിപണി സാധാരണ നിലയിലേക്ക്

Hormuz

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 18, 2026, 05:28 PM | 1 min read

ദുബായ്: മാസങ്ങൾ നീണ്ടുനിന്ന അമേരിക്ക-ഇറാൻ സംഘർഷങ്ങൾക്ക് അറുതി വരുത്തിക്കൊണ്ടുള്ള സമാധാന കരാറിന് പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നു.


കപ്പൽ ഗതാഗതം പുനരാരംഭിച്ചതോടെ ഫ്രഞ്ച് പതാക വഹിച്ചുള്ള ആദ്യ എൽഎൻജി (ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്) ടാങ്കർ വ്യാഴാഴ്ച കടലിടുക്ക് കടന്ന് പുറത്തുപോയതായി അന്താരാഷ്ട്ര കപ്പൽ ട്രാക്കിങ് പ്ലാറ്റ്‌ഫോമായ 'മറൈൻ ട്രാഫിക്' വ്യക്തമാക്കി.


ഇതോടെ ആഗോള ഇന്ധന വിപണിയിലെ വലിയ പ്രതിസന്ധിക്കാണ് പരിഹാരമാകുന്നത്. ഹോർമുസ് കടലിടുക്ക് ഉടനടി തുറന്നുനൽകാൻ ഇറാൻ ഭരണകൂടം സമ്മതിച്ചതായും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതായും പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയാണ് കപ്പലുകളുടെ നീക്കം തുടങ്ങിയത്.


നോർവീജിയൻ കമ്പനിയായ ക്നുട്സെൻ ഒഎഎസ് ഷിപ്പിങ്ങിന്റെ ഉടമസ്ഥതയിലുള്ള 'മ്രൈഖ്' എന്ന ഫ്രഞ്ച് ഇന്ധനക്കപ്പലാണ് കടലിടുക്കിലൂടെ ആദ്യമായി കടന്നുപോയത്.


ഖത്തറിലെ റാസ് ലഫാനിൽ നിന്ന് 76,535 ടൺ എൽഎൻജിയുമായി പാകിസ്താനിലെ പോർട്ട് ഖാസിമിലേക്ക് പോവുകയായിരുന്നു ഈ കപ്പൽ. ഫെബ്രുവരി 28-ന് ഇറാൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഹോർമുസ് കടലിടുക്ക് വഴി പുറപ്പെട്ട പതിനഞ്ചാമത്തെ മാത്രം എൽഎൻജി ടാങ്കറാണ് ഇത്.


യുദ്ധസാഹചര്യത്തിൽ കപ്പലുകളുടെ ഉയർന്ന മൂല്യവും ആഗോളതലത്തിൽ ഇത്തരം ഇന്ധനക്കപ്പലുകളുടെ പരിമിതമായ എണ്ണവും കണക്കിലെടുത്ത് വൻകിട കമ്പനികൾ ഈ റൂട്ട് ഉപയോഗിക്കാൻ മടിച്ചിരുന്നു.


ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള എൽഎൻജി കപ്പലുകൾ മാത്രമാണ് ഇക്കാലയളവിൽ കർശന നിയന്ത്രണങ്ങളോടെ സർവീസ് നടത്തിയിരുന്നത്.


വ്യാഴാഴ്ച രാവിലെ മുതൽ ഹോർമുസ് കടലിടുക്കിലൂടെ ഇരുദിശകളിലേക്കുമുള്ള കപ്പൽ ഗതാഗതം അതിവേഗം വർദ്ധിച്ചിട്ടുണ്ടെന്ന് ഡാറ്റാ സ്ഥാപനമായ 'കെപ്ലർ' വ്യക്തമാക്കി. പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്ന് വീണ്ടും സജീവമായത് അന്താരാഷ്ട്ര വിപണിയിലും ആശ്വാസമേകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home