ad
Deshabhimani

വിലകുതിക്കുന്നു, വിപണി പിടിച്ചു നിര്‍ത്താനാവാതെ സര്‍ക്കാര്‍, കര്‍ഷകര്‍ക്ക് ലഭിക്കുന്നത് പഴയ തുഛവില

tomato
വെബ് ഡെസ്ക്

Published on Jun 18, 2026, 05:35 PM | 4 min read

ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാരന്റെ ജീവിത ബജറ്റ് താളംതെറ്റിച്ച് തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങി നിത്യോപയോഗത്തിലുള്ള പച്ചക്കറികളുടെ വില കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കുത്തനെ വർദ്ധിച്ചു. പരിപ്പ് പാചക എണ്ണ തുടങ്ങിയവയുടെ വിലയിലും വലിയ വര്‍ധനവ് രേഖപ്പെടുത്തി. എന്നാൽ ഇവയുടെ ഒന്നിന്റെയും ആനുപാതിക വിഹിതം കര്‍ഷകരിലേക്ക് എത്തുന്നില്ല. ഇപ്പോഴും തുഛമായ വിലയ്ക്ക് തങ്ങൾ വിളയിച്ച വിഭവങ്ങൾ വിറ്റഴിക്കേണ്ട സാഹചര്യമാണ്. കലാവസ്ഥയെയും ഇന്ധന വിലവര്‍ധനവിനെയും കുറ്റം പറഞ്ഞാണ് കര്‍ഷകരെയും ഉപഭോക്താക്കളെയും പിഴിയുന്നത്.


ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ പ്രൈസ് മോണിറ്ററിംഗ് ഡിവിഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിൽ തന്നെ ഞെട്ടിക്കുന്ന അന്തരം വ്യക്തമാവുന്നു. വിപണിയിൽ വില ഇരട്ടിയാകുമ്പോഴും, ഇതിന്റെ യഥാർത്ഥ ഗുണം ലഭിക്കാതെ ഉൽപ്പാദകരായ കർഷകർ കടുത്ത ദുരിതത്തിലാണെന്ന് കാർഷിക മേഖലയിലെ സംഘടനകൾ കണക്കുകൾ സഹിതം വ്യക്തമാക്കുന്നു.


റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ ബുളളറ്റിനിലെ "Vegetables Inflation in India: A Study of Tomato, Onion and Potato (TOP)" എന്ന ഔദ്യോഗിക പഠന റിപ്പോർട്ട് പ്രകാരം ഉപഭോക്താവ് പച്ചക്കറികൾക്കായി ചിലവഴിക്കുന്ന തുകയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും കൈപ്പറ്റുന്നത് മൊത്തക്കച്ചവടക്കാരും ഇടനിലക്കാരുമാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരമാണ് ഇത്. കര്‍ഷകരുടെ അനുഭവത്തിൽ ഇത് പകുതി പോലുമില്ല. നീതി അയോഗ് റിപ്പോര്‍ട് പ്രകാരം ഇന്ത്യയിലെ റീട്ടെയ്ൽ വിലക്കയറ്റത്തിന്റെ (Food Inflation) 32.3 ശതമാനവും നിയന്ത്രിക്കുന്നത് പച്ചക്കറികളുടെയും പരിപ്പുവർഗ്ഗങ്ങളുടെയും വിലയാണ്.


വിപണിയിൽ വില കൂടുന്നു

കര്‍ഷകര്‍ വില കിട്ടാതെ നശിപ്പിക്കുന്നു


ദേശീയ തലസ്ഥാനമായ ഡൽഹിയിലാണ് വിലക്കയറ്റം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ മേയ് 17-ന് കിലോയ്ക്ക് 30 രൂപ ആയിരുന്ന തക്കാളിക്ക് ജൂൺ 10-ഓടെ വലിയ മാറ്റമില്ലാതെ 31 രൂപയായി തുടർന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ വില കുതിച്ചുയർന്ന് ബുധനാഴ്ച 53 രൂപ മറികടന്നു. കേരളത്തിൽ 60 രൂപവരെയായി.


തക്കാളിക്ക് പുറമെ ഉള്ളി വിലയിലും കിലോയ്ക്ക് അഞ്ച് രൂപ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വാരം 27 രൂപ ആയിരുന്നത് ഇപ്പോൾ 32 ആയി. കേരളത്തിൽ എത്തുമ്പോൾ 36 രൂപവരെയാണ്. ഉരുളക്കിഴങ്ങിനും കിലോയ്ക്ക് 3 മുതൽ 5 രൂപ വരെ വില വർദ്ധിച്ചിട്ടുണ്ട്. 43 രൂപവരെ ഈടാക്കുന്നു.


കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങി ചുരുക്കം ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒഴികെ രാജ്യത്തെ ഭൂരിഭാഗം ഇടങ്ങളിലും സമാനമായ വിലക്കയറ്റമാണ് ദൃശ്യമാകുന്നത്. പച്ചക്കറികൾക്ക് പുറമെ അരി, വിവിധയിനം തുവരപ്പരിപ്പ്, ഉഴുന്ന്, കടലപ്പരിപ്പ് ഭക്ഷ്യ എണ്ണകളിൽ കടുക് എണ്ണ, പാം ഓയിൽ എന്നിവയുടെ വിലയും വർദ്ധിച്ചിട്ടുണ്ട്.


അവസരം മുതലാക്കുന്നത്

കോർപ്പറേറ്റുകൾക്ക്


റീട്ടെയ്ൽ വിപണിയിൽ ഉപഭോക്താവ് വൻവില നൽകേണ്ടി വരുമ്പോൾ, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉരുളക്കിഴങ്ങ് കർഷകർക്ക് ദുരിത കാലമാണ്. ഒരു കിലോയ്ക്ക് വെറും 2 അല്ലെങ്കിൽ 3 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.

ഇന്ധനവില വർദ്ധനവ് മൂലം തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള വണ്ടിക്കൂലി പോലും ലഭിക്കാത്ത അവസ്ഥയിലാണ് മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകർ. പലയിടങ്ങളിലും കർഷകർ തങ്ങളുടെ വിളകൾ പാടത്ത് തന്നെ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയാണ്. വിളവെടുത്ത തക്കാളി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്ന സാഹചര്യത്തിലാണ് വിപണിയിലെ വിലക്കയറ്റം തുണയാകും എന്ന് പ്രതീക്ഷിച്ചത്. എന്നാൽ ഇത് തങ്ങൾ വിൽക്കുന്ന വിളകളിൽ ഒരു പൈസയുടെ വര്‍ധ പോലും വരുത്തിയില്ലെന്ന് സംയുക്ത കിസാൻ മോർച്ച, അഖിലേന്ത്യാ കിസാൻ സഭ തുടങ്ങിയ കർഷക സംഘടനകൾ വ്യക്തമാക്കുന്നു.


"ഇതൊരു വലിയ വൈരുദ്ധ്യമാണ്. വിപണിയിൽ വില കുതിച്ചുയരുമ്പോഴും ഉൽപ്പാദകരായ കർഷകർ ചൂഷണം ചെയ്യപ്പെടുന്നു. ഈ ലാഭമെല്ലാം പോകുന്നത് കോർപ്പറേറ്റ് റീട്ടെയ്ൽ വ്യാപാരികളുടെയും വൻകിട ഇടനിലക്കാരുടെയും കൈകളിലേക്കാണ്. ഭരണകക്ഷിയുടെ പിന്തുണയോടെ അവർ കൊള്ളലാഭം കൊയ്യുന്നു." > - അശോക് ധാവ്‌ളെ (പ്രസിഡന്റ്, അഖിലേന്ത്യാ കിസാൻ സഭ)


വിപണിയിലെ കരിഞ്ചന്തയും

ശീതീകരണ സംവിധാനങ്ങളുടെ നാശവും


കർഷകന് ലഭിക്കുന്ന തുച്ഛമായ വിലയും ഉപഭോക്താവ് നൽകുന്ന വൻവിലയും തമ്മിലുള്ള ഈ വലിയ വിടവിന് കാരണം ഇടനിലക്കാരുടെ ശക്തമായ ഇടപെടലാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. തക്കാളി പോലുള്ള പെട്ടെന്ന് കേടുവരുന്ന സാധനങ്ങൾ സൂക്ഷിച്ചുവെക്കാൻ കർഷകർക്ക് സ്വന്തമായി കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ ഇല്ലാത്തത് വൻകിട വ്യാപാരികൾ മുതലെടുക്കുകയാണ്. അവർ കർഷകരിൽ നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങി പൂഴ്ത്തിവെക്കുകയും, വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ഉയർന്ന വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നു. നേരത്തെ കേന്ദ്ര സര്‍ക്കാരിന് കീഴിൽ ശീതികരണ സംവിധാനങ്ങളുടെ ശൃംഖലകൾ ഉണ്ടായിരുന്നു. ക്രമേണ സ്വകാര്യ മേഖലയ്ക്ക് കൈമാറി തുടങ്ങി.


കർഷകനിൽ നിന്ന് നേരിട്ട് സാധനങ്ങൾ ഉപഭോക്താവിലേക്ക് എത്തുന്നില്ല. ലോക്കൽ വ്യാപാരികൾ, കമ്മീഷൻ ഏജന്റുമാർ, വൻകിട മൊത്തക്കച്ചവടക്കാർ, റീട്ടെയ്‌ലർമാർ എന്നിങ്ങനെ പല കൈകൾ മറിഞ്ഞാണ് സാധനങ്ങൾ എത്തുന്നത്. ഓരോ ഘട്ടത്തിലും ഇവർ സ്വന്തം ലാഭം കൂട്ടിച്ചേർക്കുന്നു. മാത്രമല്ല താത്കാലികമായി ഉണ്ടാവുന്ന പ്രതിസന്ധികളിൽ എല്ലാം വിലവര്‍ധ വരുത്തുന്നു. ഇന്ധന വില വര്‍ധവിന്റെ പേരിൽ ഇത്തരത്തിൽ ഉണ്ടായ വര്‍ധന കര്‍ഷകരുടെ അര്‍ഹമായ വിഹിതത്തിൽ നിന്ന് കൂടി കുറവ് വരുത്തുകയാണ് ചെയ്യുന്നത്.


ഇന്ത്യയിൽ ശരിയായ സംഭരണ-ഗതാഗത സൗകര്യങ്ങളില്ലാത്തതു കൊണ്ട് മാത്രം പ്രതിവർഷം 1.53 ലക്ഷം കോടി രൂപയുടെ കാർഷിക ഉൽപ്പന്നങ്ങളാണ് നഷ്ടപ്പെടുന്നത് എന്ന് നാബാർഡ് MoFPI റിപ്പോർട്ട് പറയുന്നു. തക്കാളി പോലുള്ള പെട്ടെന്ന് കേടുവരുന്ന പച്ചക്കറികൾ പാടത്തുനിന്ന് വിപണിയിൽ എത്തുമ്പോഴേക്കും വലിയൊരു പങ്ക് നശിച്ചുപോകുന്നു. ഈ നഷ്ടം കർഷകന്റെ വരുമാനത്തെയാണ് നേരിട്ട് ബാധിക്കുന്നത്. എന്നാൽ വൻകിട വ്യാപാരികൾ ഈ കൃത്രിമ ക്ഷാമം ചൂഷണം ചെയ്ത് വില ഉയർത്തുകയും ചെയ്യുന്നു.


നീതി അയോഗ് കണക്കുകൾ പ്രകാരം ഇന്ത്യയിൽ കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള ഗതാഗത ചിലവ് മൊത്തം മൂല്യത്തിന്റെ 15% ഓളമാണ്. ഇന്ധനവില വർദ്ധനവ് കർഷകന് ഈ ഭാരം ഇരട്ടിയാക്കുന്നു. വികസിത രാജ്യങ്ങളിൽ ഫലപ്രദമായ ഇടപെടലുകളിലൂടെ ഇത് വളരെ കുറവാണ്. കാര്‍ഷിക ഉത്പന്ന ചരക്കുകൾക്ക് പ്രത്യേക സംവിധാനങ്ങളുണ്ട്.


മാത്രമല്ല, കൃത്യമായ വിപണി വിവരങ്ങൾ (Market Intelligence) കർഷകർക്ക് നേരിട്ട് ലഭിക്കാനുള്ള സൗകര്യങ്ങളില്ല. ഒരേ സമയം ഒരു സംസ്ഥാനത്ത് വൻ ഉൽപ്പാദനവും വിലത്തകർച്ചയും ഉണ്ടാകുമ്പോൾ, തൊട്ടടുത്ത സംസ്ഥാനത്ത് കടുത്ത ക്ഷാമവും വിലക്കയറ്റവും അനുഭവപ്പെടുന്നു. ഈ വിടവിലാണ് ഇടനിലക്കാർ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്തുന്നത്.


''താൽക്കാലികം''

പതിവ് പല്ലവിയുമായി സര്‍ക്കാര്‍


ഇപ്പോഴത്തെ വിലക്കയറ്റം വേനൽക്കാലത്തെ കടുത്ത ചൂടും മൺസൂൺ മാറ്റങ്ങളും കാരണം വിപണിയിലുണ്ടായ താൽക്കാലിക വിതരണ തടസ്സം മാത്രമാണെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

എന്നാൽ താൽക്കാലികമായ പരിഹാരങ്ങൾക്ക് പകരം, എല്ലാ വിളകൾക്കും ന്യായമായ താങ്ങുവില ഉറപ്പാക്കണമെന്നും കോർപ്പറേറ്റുകളുടെ വിപണിയിലെ ഇടപെടലുകൾ നിയന്ത്രിക്കണമെന്നുമാണ് കർഷക സംഘടനകളുടെ ശക്തമായ ആവശ്യം. നിർധനരായ കർഷകരെയും സാധാരണക്കാരായ ഉപഭോക്താക്കളെയും ഒരുപോലെ സംരക്ഷിക്കാൻ ബാധ്യസ്ഥമായ സർക്കാർ വിവിധ കാരണങ്ങൾ നിരത്തുക മാത്രം ചെയ്യുന്ന സാഹചര്യമാണ്. വിപണിയിലേക്ക് സാധനങ്ങൾ എപ്പോൾ എത്തിക്കണം, എത്ര വില നിശ്ചയിക്കണം എന്ന് തീരുമാനിക്കുന്നത് കോർപ്പറേറ്റ് റീട്ടെയ്ൽ വ്യാപാരികളും വലിയ കച്ചവടക്കാരുമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home