രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് വിവാദം: ബാബറി മസ്ജിദ് ഫണ്ടിനെക്കുറിച്ച് മിണ്ടാത്തതെന്തെന്ന് യുപി ഉപമുഖ്യമന്ത്രി

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തുക കാണാതായെന്ന വിവാദത്തിൽ മുടന്തൻ ന്യായങ്ങളുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്. രാമക്ഷേത്ര ഫണ്ടിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്ന അഖിലേഷ് യാദവ്, ബാബറി മസ്ജിദ് നിർമ്മാണത്തിനായി ശേഖരിച്ച കോടിക്കണക്കിന് രൂപയുടെ ഫണ്ട് എവിടെപ്പോയെന്ന് വ്യക്തമാക്കണമെന്നാണ് അദ്ദേഹത്തിന്റെ പരാമർശം.
ബാബറി മസ്ജിദ് ഫണ്ടിനെക്കുറിച്ച് സമാജ്‌വാദി പാർട്ടി ഒരിക്കലും സംസാരിക്കില്ലെന്നും, അവർ സനാതന സംസ്കാരത്തെ എപ്പോഴും ചോദ്യം ചെയ്യുകയും ആണെന്നും ബ്രജേഷ് പഥക് പറഞ്ഞു. എന്നാൽ രാമക്ഷേത്ര ഫണ്ട് തട്ടിപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തതയില്ലാത്ത പ്രതികരണമാണ് നടത്തിയത്.
രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ കോടിക്കണക്കിന് രൂപയുടെ സംഭാവന കാണാതായെന്ന് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസങ്ങളിൽ ആരോപിച്ചിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ അഴിമതി ആരോപണം അന്വേഷിക്കാൻ യുപി സർക്കാർ ജൂൺ 13-ന് മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
എസ്‌ഐടിയുടെ അന്വേഷണം നിലവിൽ പുരോഗമിക്കുകയാണെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ കർശനമായ ഭരണപരമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
പരീക്ഷാ വിവാദങ്ങൾക്ക് പിന്നാലെ രാമക്ഷേത്ര ഫണ്ടിനെച്ചൊല്ലിയുള്ള തർക്കം ബിജെപിയുടെ ഭരണകൂടത്തെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ്. സാമ്പത്തിക ക്രമക്കേടുകൾക്കായി പൊതുജനങ്ങളെ ഭരണകൂടം ഒന്നാകെ പറ്റിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ആക്ഷേപമുണ്ട്.










0 comments