നീറ്റ് പുനഃപരീക്ഷ: വിദ്യാർത്ഥികൾ പരിഭ്രാന്തരാകരുത്, വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് എൻടിഎ

ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സുപ്രധാന ജാഗ്രതാ നിർദേശവുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്ന വ്യാജ വാർത്തകൾ പൂർണ്ണമായി അവഗണിക്കണമെന്നും വിദ്യാർത്ഥികൾ ശാന്തരായി പരീക്ഷയെ സമീപിക്കണമെന്നും എൻടിഎ ആവശ്യപ്പെട്ടു.
ജൂൺ 22-ന് നടക്കുന്ന പുനഃപരീക്ഷയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തിയ ശേഷമാണ് ഏജൻസിയുടെ ഔദ്യോഗിക അറിയിപ്പ്. വിദ്യാർത്ഥികൾക്ക് യാതൊരുവിധ ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും പൂർണ്ണമായും സുതാര്യവും സുരക്ഷിതവുമായ രീതിയിലാണ് പരീക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുള്ളതെന്നും എൻടിഎ വ്യക്തമാക്കി.
പരീക്ഷയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ആശ്രയിക്കണം. പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ എൻടിഎ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
പരീക്ഷാ കേന്ദ്രങ്ങളിൽ കൃത്യസമയത്ത് തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് ഏജൻസി നിർദ്ദേശിച്ചു. സുരക്ഷാ പരിശോധനകൾ കർശനമാക്കിയതിനാൽ അഡ്മിറ്റ് കാർഡിൽ പറഞ്ഞിരിക്കുന്ന മാർഗ്ഗനിർദേശങ്ങൾ വിദ്യാർത്ഥികൾ കൃത്യമായി പാലിക്കണം.
വിലക്കപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങളോ മറ്റ് വസ്തുക്കളോ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല. നീറ്റ് പരീക്ഷാ വിവാദങ്ങളെത്തുടർന്ന് സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് ഗ്രേസ് മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കായി പുനഃപരീക്ഷ നടത്താൻ നിശ്ചയിച്ചത്.
താൽക്കാലികമായി ടെലഗ്രാം ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ, പരീക്ഷ അട്ടിമറിക്കാൻ ശ്രമിക്കുന്ന വ്യാജ ഗ്രൂപ്പുകളെയും ചാനലുകളെയും കുറിച്ച് വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും എൻടിഎ ഓർമ്മിപ്പിച്ചു.








0 comments