print edition പൊതിച്ചോറ് വിതരണം നിരോധിച്ചാലുള്ള നേട്ടം സർക്കാർ പറയണം: പിണറായി

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്ഐ വർഷങ്ങളായി മുടങ്ങാതെ നൽകുന്ന പൊതിച്ചോറ് വിതരണം നിരോധിച്ചാൽ യുഡിഎഫ് സർക്കാരിനും ആരോഗ്യമന്ത്രിക്കുമുണ്ടാകുന്ന നേട്ടമെന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു.
വിശക്കുന്നവന് ആഹാരം നൽകുക മനുഷ്യത്വമാണ്. അത് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ജനാധിപത്യ സർക്കാരിന് ഉണ്ടാകണമെന്ന് അദ്ദേഹം സമൂഹമാധ്യമക്കുറിപ്പിൽ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടവർ, നിലവിലുള്ള പരിഹാരംപോലും ഇല്ലാതാക്കുന്നത് വിചിത്രമാണ്. മനുഷ്യത്വമില്ലാത്തവർക്കേ പൊതിച്ചോറ് വിതരണത്തിൽ സങ്കുചിതരാഷ്ട്രീയത്തിന്റെ വിഷം കലക്കാൻ സാധിക്കൂ.
ആരോഗ്യമേഖല കെടുകാര്യസ്ഥതയിലൂടെയും പ്രതിസന്ധിയിലൂടെയും കടന്നുപോകുമ്പോഴും മനുഷ്യർക്ക് ആഹാരം നിഷേധിക്കുന്നതിനാണ് സർക്കാരിന്റെ മുൻഗണന. രണ്ടുമാസംകൊണ്ട് 150 പേരാണ് പകർച്ചവ്യാധികളാൽ മരിച്ചത്.
വിവിധ ജില്ലകളിലായി 20 ചികിത്സാപ്പിഴവുകൾ. ഷിഗല്ല വ്യാപനം മുൻകാലത്തേക്കാൾ 10 ഇരട്ടിയിലേറെയായി. ഡോക്ടർമാരുടെ നിയമനം നീളുന്നു. മരുന്നുക്ഷാമം രൂക്ഷമാണ്. രാഷ്ട്രീയ വൈരമല്ല, ജനങ്ങളുടെ ക്ഷേമമാണ് സർക്കാരിനെ നയിക്കേണ്ടതെന്നും പിണറായി പറഞ്ഞു.










0 comments