ad
Deshabhimani

print edition മയക്കുമരുന്നുമായി യൂത്ത്‌ കോൺഗ്രസുകാർ പിടിയിലായ സംഭവം: പ്രതികളെ സർക്കാർ സംരക്ഷിക്കുന്നു : പിണറായി

pinarayi vijayan press meet.jpg
വെബ് ഡെസ്ക്

Published on Aug 13, 2026, 01:30 AM | 2 min read

തിരുവനന്തപുരം : ‘എംഡിഎംഎയുമായി അറസ്‌റ്റിലായ യൂത്ത്‌ കോൺഗ്രസ്‌ നേതാവിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ സർക്കാർ ഇടപെട്ട്‌ തടയുന്നത്‌ പ്രതിക്ക്‌ സംരക്ഷണം ഒരുക്കലാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ആളാണ്‌ താനെന്ന്‌ അറസ്‌റ്റിലായ ആൾതന്നെ പറഞ്ഞിട്ടുണ്ട്‌. നടപടി വരുന്പോൾ പ്രതികളെ സംരക്ഷിക്കുകയാണ്‌ സർക്കാരെന്നും പിണറായി പറഞ്ഞു. ആർഎസ്‌എസ്‌ നേതാവ്‌ ടി ജി മോഹൻദാസിന്‌ ജാമ്യം ലഭിക്കാൻ സർക്കാർ ഒത്തുകളിച്ചു. അറസ്‌റ്റുചെയ്യുന്പോൾ പാലിക്കേണ്ട നിയമങ്ങൾ പാലിച്ചില്ല. ഇ‍ൗ വീഴ്‌ച മറ്റാരുടെയോ നിർദേശപ്രകാരം വരുത്തിവച്ചതാണ്.


വന്ദേമാതരം: സർക്കാരിന്റെ അഭിപ്രായംതന്നെ


വന്ദേമാതരം പൂർണമായും ആലപിക്കണമെന്നാവശ്യപ്പെട്ട്‌ ചീഫ്‌ സെക്രട്ടറി നൽകിയ കത്ത്‌ സർക്കാരിന്റെ അഭിപ്രായംതന്നെയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ പറഞ്ഞു. സർക്കാർനയം നടപ്പാക്കാൻ, മന്ത്രിയെപ്പോലെതന്നെ ഒ‍ൗദ്യോഗികമായി ബാധ്യതയുള്ള വ്യക്തിയാണ്‌ ചീഫ്‌ സെക്രട്ടറി. ലോക്‌ഭവന്റെ നിർദേശപ്രകാരമാണ്‌ ചീഫ്‌ സെക്രട്ടറിയുടെ കത്ത്‌ എന്നാണ്‌ ഒരു മന്ത്രി പറഞ്ഞത്‌. ലോക്‌ഭവൻ അക്കാര്യം നിഷേധിച്ചിട്ടുണ്ട്‌. കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിന്‌ വിരുദ്ധമായ കാര്യമാണ്‌ കോൺഗ്രസ്‌ മുഖ്യമന്ത്രിയുള്ള കേരളത്തിൽ നടക്കുന്നത്‌.


​മെസിയുടെ സന്ദർശനം: 
ക്രമക്കേടില്ല


ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ ഒരു ക്രമക്കേടും നടന്നിട്ടില്ല. മെസി വരണമെന്ന്‌ കേരളത്തിലെ ജനങ്ങളും സർക്കാരും ആഗ്രഹിച്ചു. അതിന്‌ നടപടികൾ സ്വീകരിച്ചു. അക്കാര്യത്തിൽ ഏത്‌ അന്വേഷണവും നടക്കട്ടെ. അന്നത്തെ കായികമന്ത്രിക്ക്‌ സ്‌പെയിനിൽ പോകുന്നതിന്‌ ഒരു കരാറിന്റെ ആവശ്യമില്ലായിരുന്നു. എല്ലാ രേഖകളും അദ്ദേഹത്തിന്റെ കൈവശമുണ്ട്‌. നാട്ടിലാകെ യുഡിഎഫിനെപ്പറ്റി വിവാദമുണ്ടാകുന്പോൾ ഇങ്ങോട്ടും ഒരു ആരോപണം കിടക്കട്ടെ എന്ന്‌ അവർ കരുതിക്കാണും. സ്‌റ്റേഡിയം അറ്റകുറ്റപ്പണിയടക്കം നടത്തിയത്‌ മെസി വരുമെന്ന്‌ കരുതിയാണ്‌. പിന്നീട്‌ ചില ബുദ്ധിമുട്ടുണ്ടായി എന്നാണറിഞ്ഞത്‌. സർക്കാരുമായി ബന്ധപ്പെട്ടല്ല നടപടികൾ. അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ കത്ത്‌ കിട്ടിയതായി അറിയില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.


ആഭ്യന്തര മന്ത്രി 
പ്രതികരിക്കണം


ലഹരിക്കെതിരെ സർക്കാർ നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ' പ്രഹസനമാവുകയാണെന്നും ആഭ്യന്തരമന്ത്രിക്ക്‌ കിട്ടിയ അഭിനന്ദനങ്ങളും നല്ല വാക്കുകളും മയക്കുമരുന്ന് കടത്തുകാരന്റെ ദാസ്യപ്പണിയിലൂടെ കളഞ്ഞുകുളിക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു. അറസ്‌റ്റുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യിച്ച സാമൂഹ്യമാധ്യമ സെൻസറിങ്ങിനെതിരെ വാർത്താസമ്മേളനത്തിൽ താൻ പ്രതികരിച്ചിരുന്നു. ആ വാർത്തപോലും സർക്കാർ നീക്കി. ആഭ്യന്തര മന്ത്രി അറിഞ്ഞുകൊണ്ടാണോ കുറ്റവാളിക്ക് സംരക്ഷണം നൽകുന്നതെന്ന്‌ വിശദീകരിക്കണം. അടിയന്തരാവസ്ഥക്കാലത്തെപോലെ അധികാര മർക്കടമുഷ്ടിയിലൂടെ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home