സർക്കാരിന്റേത് മാവേലി നാടിന്റെ ക്ഷേമസങ്കൽപ്പം : മുഖ്യമന്ത്രി

തിരുവനന്തപുരം
ഒന്പതുവർഷമായി സംസ്ഥാനസർക്കാർ ഉയർത്തുന്നത് ക്ഷേമസങ്കൽപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാവേലി നാടിന്റെ ക്ഷേമസങ്കൽപ്പത്തോട് ചേർന്ന് നിൽക്കുന്നവയാണത്. ഇൗ ക്ഷേമസങ്കൽപ്പത്തെ തകർക്കുന്നതിനുള്ള ശ്രമങ്ങൾ ചിലഭാഗത്തുനിന്ന് ഉണ്ടാകുന്നു. എന്നാൽ ഇതൊന്നും പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സമാകില്ല. ക്ഷേമപദ്ധതികളുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തുന്പോൾ അവരുടെ മുഖത്തുവിരിയുന്ന പുഞ്ചിരിയാണ് ലഭിക്കുന്ന അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം കനകക്കുന്നിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഓണം വാരാഘോഷം കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രിമാരായ വി ശിവൻകുട്ടി, പി എ മുഹമ്മദ് റിയാസ്, നടൻ ബേസിൽ ജോസഫ്, മേയർ ആര്യ രാജേന്ദ്രൻ, നടൻ രവി മോഹൻ, മന്ത്രി ജി ആർ അനിൽ, എ എ റഹിം എംപി, എംഎൽഎമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, ഡി കെ മുരളി, വി ജോയി എന്നിവർ സമീപം
പലകാര്യങ്ങളിലും കേരളം രാജ്യത്ത് ഒന്നാംസ്ഥാനത്താണ്. ഇവിടെനിന്നാൽ പോര, മുന്നോട്ട് പോകേണ്ടതുണ്ട്. എല്ലാ കാര്യങ്ങളിലും ഒന്നാംസ്ഥാനവും രാജ്യത്തിന് മാതൃകസൃഷ്ടിക്കുന്ന സംസ്ഥാനവുമായി ഉയരണം. അത് അസാധ്യമാണെന്ന് ചിലർക്ക് തോന്നിയേക്കാം. അസാധ്യമായ പലകാര്യങ്ങളും സാധ്യമാക്കിയവരാണ് നമ്മൾ. അതിന് ഇടയാക്കിയത് നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. ഉത്തരവാദ ടൂറിസം മിഷന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ എക്സ്ചേഞ്ച് എന്ന ആശയം വിവിധ രാജ്യങ്ങളില്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജൂണ്‍വരെ 1,19,89,864 ആഭ്യന്തര സഞ്ചാരികള്‍ കേരളത്തിലെത്തി. വിദേശസഞ്ചാരികളുടെ എണ്ണം 38,300 ആണ്. ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികള്‍ കേരളത്തില്‍ എത്തിയതിന്റെ സര്‍വകാല റെക്കോഡ് ഇൗ വർഷമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, നടന്മാരായ ബേസിൽ ജോസഫ്, രവി മോഹൻ, എംഎൽഎമാരായ വി ജോയി, ഐ ബി സതീഷ്, ഡി കെ മുരളി, വി കെ പ്രശാന്ത്, ജി സ്റ്റീഫൻ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, എസ് കെ സജീഷ് തുടങ്ങിയവരും പങ്കെടുത്തു.









0 comments