വർഗീയ ധ്രുവീകരണത്തിനുള്ള സംഘപരിവാർ നീക്കങ്ങളുടെ ഭാഗം; മലയാളി വൈദികന്റെ അറസ്റ്റിൽ മുഖ്യമന്ത്രി

അറസ്റ്റിലായ ഫാദർ സുധീറും ഭാര്യ ജാസ്മിനും (ഇടത്), പിണറായി വിജയൻ (വലത്)
തിരുവനന്തപുരം: മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെയും കുടുംബത്തെയും സഹായികളെയും അറസ്റ്റ് ചെയ്ത നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള സംഘപരിവാർ നീക്കങ്ങളുടെ ഭാഗമാണ് ഈ സംഭവമെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ജബൽപുരിലും സമാനമായ സംഭവങ്ങൾ ഉണ്ടായിരുന്നു. ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി സഖ്യ സർക്കാർ ഭരിക്കുന്ന മഹാരാഷ്‌ട്രയിൽ ബജ്രംഗ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് സിഎസ്ഐ സഭ നാഗ്‌പുർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെ ബെനോഡ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലായിരുന്നു പൊലീസ് നടപടി. പ്രാദേശിക വൈദികരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ ക്ഷണപ്രകാരമാണ് തിരുവനന്തപുരം സ്വദേശിയായ ഫാദർ സുധീറും ഭാര്യ ജാസ്മിനും പ്രാർഥന യോഗത്തിൽ പങ്കെടുത്തത്. വൈദികനെയും ഭാര്യയെയും പൊലീസ് സ്റ്റേഷനിൽ സന്ദർശിക്കാനെത്തിയ വിശ്വാസികളായ നാലുപേരെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ അഞ്ചുവർഷമായി പ്രദേശത്ത് സുവിശേഷകനായി ജോലിചെയ്യുകയാണ് സുധീർ.










0 comments