മുണ്ടക്കൈ ടൗൺഷിപ് ജനുവരിയിൽ: മുഖ്യമന്ത്രി
print edition അതിദാരിദ്ര്യനിർമാർജനം തട്ടിപ്പല്ല യാഥാർഥ്യമാണ് ; പ്രതിപക്ഷത്തിന് മറുപടി

തിരുവനന്തപുരം
അതിദാരിദ്ര്യനിർമാർജനം തട്ടിപ്പാണ് എന്ന പ്രതിപക്ഷത്തിന്റെയും ചില വിദഗ്‌ധരുടെയും വിമർശത്തിന് പരോക്ഷമായി മറുപടി പറഞ്ഞ് മുഖ്യമന്ത്രി. 64,006 അതിദരിദ്രരിൽ എറണാകുളത്തെ ഒരു കുടുംബംമാത്രം ലക്ഷ്യം നേടാതിരുന്നതും അതെങ്ങനെ സാധിച്ചുവെന്നും വിശദീകരിച്ചായിരുന്നു പ്രതിപക്ഷത്തിനുള്ള മറുപടി.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് അത്തരമൊരു കുടുംബത്തിന്റെ വിഷയം വന്നത്. സാങ്കേതിക പ്രശ്‌നമായിരുന്നു തടസ്സം. അതാണ് മന്ത്രിസഭയുടെ മുന്നിലെത്തിയത്. അത് പരിഹരിച്ചതോടെ 64,006 കുടുംബങ്ങൾ അതിദാരിദ്ര്യമുക്തമായി. അതിനുശേഷം എറണാകുളം ജില്ലയിൽ യുഡിഎഫ് ഭരണത്തിലുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ യോഗംചേർന്നു. അതീവസന്തുഷ്ടരായിരുന്നു അവർ.
ഇതൊരു തട്ടിപ്പല്ല, യാഥാർഥ്യമാണ്. എന്നാൽ ചിലരുടെ ഭാഗത്തുനിന്നുണ്ടായ പരാമർശം നിർഭാഗ്യകരമാണ്. ഇൗ സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്നായ ഏക കിടപ്പാടം സംരക്ഷണ നിയമം നിലവിൽ വന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനം അംഗീകരിച്ച ബില്ലിൽ ഗവർണർ ഒപ്പിട്ടുവെന്നും കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
മുണ്ടക്കൈ ടൗൺഷിപ് ജനുവരിയിൽ: മുഖ്യമന്ത്രി
മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം ജനുവരിയിൽ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രസർക്കാരിന്റെ സഹായം ലഭിച്ചില്ലെങ്കിലും ടൗൺഷിപ് നിർമാണം ഫലപ്രദമായി മുന്നോട്ടുപോകുന്നുണ്ട്. ഒരുപാട് വെല്ലുവിളികൾ നേരിട്ടാണ് ഇതുവരെയെത്തിയത്. പ്രളയം, കോവിഡ്, നിപാ, പ്രകൃതിദുരന്തങ്ങൾ എന്നിങ്ങനെ പ്രതിസന്ധികൾ ഏറെയായിരുന്നു. എല്ലാം നമ്മെ തകർത്തുകളയുന്നതായിരുന്നു. ആ ഘട്ടത്തിലൊന്നും കേന്ദ്രസഹായം ലഭിച്ചില്ല. ഏതു നാടിനും ഇത്തരം പ്രതിസന്ധികളിൽ സഹായംവേണം. എന്നാൽ കേരളത്തിന് നേരെവിപരീത അനുഭവമായിരുന്നു. ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ കേന്ദ്രസമീപനം നല്ലരീതിയിൽ തുറന്നുകാട്ടപ്പെടണം. ഇത് ഒരു നാടിനോടും ചെയ്യാൻ പാടില്ലാത്ത നടപടിയാണെന്ന് ഓർമിപ്പിക്കണം.
നാട് തകർന്നുപോകുമോ എന്ന് ആശങ്കയുയർന്ന ഘട്ടങ്ങളുണ്ടായിരുന്നു. പക്ഷേ, നമുക്ക് തകരാൻ പറ്റുമായിരുന്നില്ല. അതിജീവിച്ചേ മതിയാകുമായിരുന്നുള്ളൂ, മുന്നോട്ടുപോയേ മതിയാകുമായിരുന്നുള്ളൂ. നമ്മൾ പുറകോട്ടുപോയില്ല. ഒരുപ്രതിസന്ധിക്കും നമ്മളെ തകർക്കാനാകില്ല. ജനങ്ങളുടെ ഐക്യത്തിനുമുന്നിൽ ഒരു പ്രതിസന്ധിയും തടസ്സമല്ല. അസാധ്യമായത് ഒന്നുമില്ല എന്നാണ് ഓരോഘട്ടത്തിലും തെളിയിച്ചത്– മുഖ്യമന്ത്രി പറഞ്ഞു.
ചരിത്ര മുഹൂർത്തത്തിലും മുഖംതിരിച്ച് പ്രതിപക്ഷം
അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനുമുന്നില്‍ കേരളം തലയുയർത്തിനിൽക്കുന്ന ചരിത്ര മുഹൂർത്തത്തിലും ജനാധിപത്യത്തെ അവഹേളിച്ച് വികസനവിരുദ്ധ നിലപാടുമായി പ്രതിപക്ഷം. പ്രത്യേക നിയമസഭാസമ്മേളനത്തിനുപിന്നാലെ പതിനായിരങ്ങൾ പങ്കെടുത്ത അതിദാരിദ്ര്യമുക്ത പ്രഖ്യാപനച്ചടങ്ങിലും പ്രതിപക്ഷം വിട്ടുനിന്നു.
പ്രഖ്യാപനച്ചടങ്ങിൽ ആശംസയർപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ക്ഷണിച്ചിരുന്നു. ശശി തരൂർ, അടൂർ പ്രകാശ് എന്നിവരുൾപ്പെടെ തലസ്ഥാനത്തെ എംപിമാർക്കും കോൺഗ്രസ് എംഎൽഎ എം വിൻസെന്റിനും ക്ഷണമുണ്ടായിരുന്നു. കോൺഗ്രസും ബിജെപിയും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളടക്കം അതിദാരിദ്ര്യമുക്തമായെങ്കിലും നേതൃത്വത്തെ ഭയന്ന് ഭരണസമിതി അംഗങ്ങളടക്കം ആഘോഷപരിപാടികളിൽനിന്ന് വിട്ടുനിന്നു. മുന്പ് നവകേരള സദസ്സ് നടന്നപ്പോഴും കേരളീയം സംഘടിപ്പിച്ചപ്പോഴും ജനങ്ങളോടുള്ള ഉത്തരവാദിത്വം കാണിക്കാത്ത നിലപാടാണ് ഇവർ സ്വീകരിച്ചത്.









0 comments