print edition നെടുമ്പാശേരി വാഹനാപകടം; പൊലീസിന്റെ കള്ളക്കളി തുറന്നുകാട്ടി പ്രതിപക്ഷം

തിരുവനന്തപുരം : നെടുമ്പാശേരിയിൽ മൂന്ന് കുട്ടികളെ വാഹനമിടിച്ചുകൊന്ന കേസിലെ പ്രതിയെ രക്ഷിക്കാൻ പൊലീസ് നടത്തുന്ന കള്ളക്കളികൾ സഭയിൽ തുറന്നുകാണിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എഫ്‌ഐആർ ഇടുന്നതിലെ കാലതാമസവും അറസ്റ്റ് രേഖപ്പെടുത്താൻ വൈകിയതും മദ്യലഹരിയിലായിരുന്ന പ്രതിയുടെ വൈദ്യ പരിശോധന വൈകിപ്പിച്ചതും സംശയാസ്‌പദമാണെന്ന് അദ്ദേഹം സബ്‌മിഷനിൽ ചൂണ്ടിക്കാട്ടി.
സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണിത്. മിനികൂപ്പർ കാർ ബൈക്കിലിടിച്ചാണ് മൂന്നുപേർ മരിച്ചത്. നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പുലർച്ചെ ഒന്നരയ്ക്ക് സംഭവം നടന്ന് മൂന്ന് മണിക്കൂറിനുശേഷമാണ് എഫ്‌ഐആർ ഇട്ടത്.
മദ്യലഹരിയിൽ പ്രതി പിടിയിലായാൽ ഉടൻ വൈദ്യപരിശോധന നടത്തണം. ഇത് നടന്നിട്ടില്ല. മോട്ടോർ വെഹിക്കിൾസ് ആക്ടിലെ 185 –ാം വകുപ്പ് ചേർക്കണം. അതുമുണ്ടായില്ല. എഫ്‌ഐആറിൽ പ്രതിയുടെ പേരുമില്ല. 19 വയസ്സിന്റെ ഇളവിന്റെ പേരിൽ പ്രതിയെ ബോസ്‌റ്റലിലേക്ക് അയക്കുന്നത് ഗൗരവമായി കാണണം. പൊതുസമൂഹം ഇതിന് എതിരാണെന്നും പിണറായി വിജയൻ പറഞ്ഞു.
പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. കേസിൽ പൊലീസ് സ്വീകരിച്ചത് ശരിയായ നിലപാടാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വൈദ്യപരിശോധന നടത്തിയിട്ടുണ്ട്. പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കും. അന്വേഷണം ആലുവ ഡിവൈഎസ്‌പി ബൈജു പൗലോസിന് നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളുടെ പരാതി ഐജി നിശാന്തിനി കേൾക്കും. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
വർഗീയ വിഷത്തിനെതിരെ സഭ ഒറ്റക്കെട്ട്
വാഹനാപകടം മറയാക്കി വർഗീയ വിഷം ചീറ്റുന്നവർക്കെതിരെ ഒറ്റക്കെട്ടായി സഭ. ഇത്തരം നടപടികളെ ഒരു നിലയ്‌ക്കും പ്രോത്സാഹിപ്പിക്കാനാകില്ലെന്നും സഭ ഒറ്റക്കെട്ടായി അപലപിക്കുന്നുവെന്നും സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു.
ഇത്തരം സംഭവത്തെ വർഗീയമായിക്കണ്ട് പ്രചാരണം നടത്തുന്നതിനെ അപലപിക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടപ്പോഴാണ് സ്‌പീക്കർ ഇടപ്പെട്ടത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വർഗീയ പ്രചാരണത്തെ വിമർശിച്ചിരുന്നു.









0 comments