print edition മള്‍ട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങൾ അരാജകത്വം സൃഷ്‌ടിക്കുന്നു: പിണറായി

എഴുമറ്റൂർ (പത്തനംതിട്ട): മള്‍ട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങൾ സഹകരണ മേഖലയിൽ അരാജകത്വം സൃഷ്‌ടിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഉയർന്ന പലിശ വാഗ്‌ദാനംചെയ്യുന്ന ഇത്തരം സംഘങ്ങളിൽ നിക്ഷേപത്തുക തന്നെ നഷ്‌ടപ്പെടുന്ന സ്ഥിതിയാണ്. ഇതും സഹകരണസംഘമാണെന്ന് കരുതിയാണ് പലരും ഇടപാടിന് തയ്യാറാവുന്നത്. എന്നാൽ പണം നഷ്‌ടപ്പെടുന്നതോടെ സഹകരണ മേഖലയുടെയാകെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നു.
ഇതിനെതിരെ സഹകരണ വകുപ്പിനോ സംസ്ഥാന സർക്കാരിനോ നടപടി സ്വീകരിക്കാൻ കഴിയില്ല. കേന്ദ്ര സർക്കാരിനാണ് ഇവയുടെ പൂർണനിയന്ത്രണം. മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമഭേദഗതിയിലൂടെ ഫെഡറല്‍ സംവിധാനത്തെയാണ് കേന്ദ്രം അട്ടിമറിക്കുന്നത്. ഭേദഗതിയോടെ നിക്ഷേപകനും വായ്‌പക്കാരനും ഇടപാടുകാര്‍ക്കും ലഭിച്ചിരുന്ന സംരക്ഷണവും ആനുകൂല്യങ്ങളും നഷ്ടമാകും– പിണറായി പറഞ്ഞു. മല്ലപ്പള്ളി എഴുമറ്റൂർ സഹകരണ ബാങ്ക് ശതാബ്‌ദി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സഹകരണമേഖല സംസ്ഥാന വിഷയമാണെന്ന് സുപ്രീംകോടതി അസന്നിഗ്‌ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ ഭേദഗതിയിലൂടെ സഹകരണസംഘത്തിന്റെ ആസ്‌തിയും മൂലധനവും ഉപയോഗിക്കാനുള്ള നിയന്ത്രണങ്ങളും ഒഴിവാകും. കേന്ദ്രസര്‍ക്കാരോ നിക്ഷേപം നടത്തുന്ന വന്‍കിട കോര്‍പറേറ്റുകളോ നിര്‍ദ്ദേശിക്കുന്ന തരത്തില്‍ സംഘത്തിന്റെ ആസ്‌തിയും വരുമാനവും ഉപയോഗിക്കേണ്ടിവരും. ഇത് സാധാരണക്കാര്‍ക്കുള്ള സഹായങ്ങള്‍ നല്‍കുന്നതിന് തടസമാകും. ഇതോടെ സഹകരണ സംഘങ്ങളുടെ പ്രാഥമിക ഉദ്ദേശം തന്നെ നഷ്‌ടപ്പെടുകയും സാധാരണക്കാര്‍ക്ക് സഹകരണ മേഖല അപ്രാപ്യമാകുകയും ചെയ്യും.
ഏതൊക്കെ വിധത്തില്‍ കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രം ശ്രമിച്ചു. നോട്ടുനിരോധന ഘട്ടത്തില്‍ സഹകരണ ബാങ്കുകളോട് കാട്ടിയ വിവേചനം മറക്കാൻ കഴിയുമോ. റിസര്‍വ് ബാങ്കിനെക്കൊണ്ട് ഞെരുക്കാനാണ് ശ്രമിച്ചത്. ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെ വിലക്കാനും ചെക്ക് ഉപയോഗിക്കുന്നതിനെ നിയന്ത്രിക്കാനും നീക്കമുണ്ടായി.
ഒന്നോ രണ്ടോ സഹകരണ ബാങ്കുകളിൽ ക്രമക്കേടുണ്ടായതിന്റെ പേരില്‍ സഹകരണ ബാങ്കുകളെയാകെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാന്‍ മാധ്യമങ്ങളടക്കം ശ്രമിച്ചു. ആ ആക്രമണങ്ങളെയൊക്കെ ചെറുത്ത് വിശ്വാസ്യത ഊട്ടിയുറപ്പിച്ചുതന്നെ സഹകരണ ബാങ്കുകള്‍ മുന്നോട്ടുപോകുകയാണ്– പിണറായി പറഞ്ഞു.










0 comments