print edition സമഗ്ര പരിശോധന വേണം

പിണറായി വിജയൻ
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിൽ അദാനി ഗ്രൂപ്പിനുള്ള ഓഹരികളിൽ 49 ശതമാനം ബഹുരാഷ്ട്ര- സ്വകാര്യ ഷിപ്പിങ് കമ്പനിക്ക് കൈമാറാനുള്ള നീക്കത്തിൽ സമഗ്ര പരിശോധന ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയൻ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു. അദാനി കമ്പനിയുടെ കത്ത് സർക്കാരിന് ലഭിച്ചോ, എന്നാണ് ലഭിച്ചത്, പുതുക്കിയ കത്ത് ലഭിച്ചിട്ടുണ്ടോ എന്നിവയിൽ സർക്കാരോ മുഖ്യമന്ത്രിയോ പ്രതികരിച്ചിട്ടില്ല. അദാനി കമ്പനിയെ തുറമുഖ വകുപ്പോ, ചീഫ് സെക്രട്ടറിയോ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചതായും കണ്ടില്ല. സർക്കാരിന് അദാനി കമ്പനിയിൽനിന്ന് ലഭിച്ച കത്തിൽ എന്തെല്ലാം നടപടി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
സർക്കാർ നിയമോപദേശം തേടിയോ. ഓഹരി കൈമാറ്റ നടപടികളിലെ കരാർ ലംഘനം സ്റ്റോക്ക് എക്സ്ചേഞ്ച് അധികാരികളെ സർക്കാർ അറിയിച്ചിട്ടുണ്ടോ തുടങ്ങിയവയിലൊന്നും വ്യക്തത വരുത്തിയിട്ടില്ല. കൺസഷൻ കരാർ വ്യവസ്ഥകൾ അദാനി ഗ്രൂപ്പ് ലംഘിച്ചതിൽ സർക്കാർ പുലർത്തുന്ന മൗനം ദുരൂഹമാണ്.
അദാനി ഗ്രൂപ്പ് ഓഹരിക്ക് 28,000 കോടി രൂപയുടെ മൂല്യം നിശ്ചയിച്ചതായാണ് വെളിപ്പെടുത്തിയത്. മുഖ്യ ഓഹരിപങ്കാളിയായ സർക്കാരിനെ അറിയിക്കാതെ അദാനി ഗ്രൂപ്പ് മുടക്കുമുതലിന്റെ പത്തിരട്ടി ഒരു വർഷംകൊണ്ട് ലാഭം ലഭിക്കുന്ന രീതിയിൽ ഏകപക്ഷീയമായാണോ വില നിശ്ചയിച്ചത്? മൂല്യനിർണയം നടത്തുമ്പോൾ സർക്കാർ മുതൽമുടക്കി ഒരുക്കിയിട്ടുള്ള അനുബന്ധ സൗകര്യം കണക്കിലെടുത്തിട്ടുണ്ടോ?
ലാഭത്തിന്റെ വിഹിതം സർക്കാരിനുകൂടി അവകാശപ്പെട്ടതല്ലേ? മൂന്നാമതൊരു കമ്പനി ഗണ്യമായ ഓഹരി അവകാശം സ്വന്തമാക്കുമ്പോൾ കരാറിനെ ബാധിക്കുമോ? കാലാവധി കഴിഞ്ഞാൽ പോർട്ട് സർക്കാരിനെ തിരിച്ചേൽപ്പിക്കണമെന്ന നിബന്ധന പാലിക്കുമോ? തർക്ക പരിഹാരം സംബന്ധിച്ച ഫോറത്തിന്റെ നിയമപരിധി കേരളത്തിലായിരിക്കുമെന്നുള്ള നിബന്ധനയിൽ മാറ്റംവരുമോ തുടങ്ങിയ കാര്യങ്ങളിലെല്ലാം സർക്കാർ വ്യക്തത വരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.








0 comments