സാങ്കേതികവിദ്യയുടെ ഗുണം സമൂഹത്തിന് ഉറപ്പാക്കുക ലക്ഷ്യം : മുഖ്യമന്ത്രി

തിരുവനന്തപുരം : സാങ്കേതിക വിദ്യയുടെ ഗുണം സമൂഹത്തിനാകെ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരകേന്ദ്രീകൃത ഓൺലൈൻ സേവനത്തിനായി തദ്ദേശ വകുപ്പ് തയ്യാറാക്കിയ കെ സ്മാർട്ട് ത്രിതല പഞ്ചായത്തുകളിലേക്കുകൂടി വിന്യസിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാലാനുസൃത സാങ്കേതികവിദ്യയിലൂടെ സിവിൽ സർവീസിനെ നവീകരിക്കും. അതിനുള്ള ഇടപെടലാണ് കെ- സ്മാർട്ട്. ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യനന്മയ്‌ക്കും സാമൂഹ്യ പരിവർത്തനത്തിനും ഉതകുംവിധം എല്ലാവർക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
വാഗ്ദാനംനിറവേറ്റുന്ന ഭരണ സംസ്‌കാരമാണ് സംസ്ഥാനത്തേത്. സേവനം സുതാര്യമായി അതിവേഗം ജനങ്ങളിലെത്തിക്കണമെന്ന സർക്കാർ കാഴ്ചപ്പാട് സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കും. രാജ്യത്ത് ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനം കേരളമാണ്. കെ -ഫോണിലൂടെ 2023 പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ ഹോട്ട്സ്പോട്ട് നൽകി. 2000 ഹോട്ട്സ്പോട്ടുകൾകൂടി സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ വ്യവസായം തുടങ്ങാനാകുന്ന നാടായി കേരളം മാറി. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ ദേശീയ ശ്രദ്ധനേടാൻ തദ്ദേശ സ്ഥാപനങ്ങൾ വലിയ പങ്കുവഹിച്ചു. ലൈഫ് മിഷൻ, മാലിന്യ നിർമാർജനം, അതിദാരിദ്ര്യ നിർമാർജനം എന്നിവയിലും മികച്ച പ്രവർത്തനം നടത്തി. തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ജനങ്ങൾ സർക്കാരിനെയാണ് വിലയിരുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.








0 comments