വൈദേശികമെന്ന് പറഞ്ഞ് തള്ളിയാൽ ഭരണഘടനയേ ഉണ്ടാകില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം
വൈദേശികമായതുകൊണ്ട് ഇംഗ്ലീഷ് പാടില്ലെന്ന് അധികാരസ്ഥാനത്തുള്ളവർതന്നെ പറയുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈദേശികമെന്ന് മുദ്രകുത്തി എല്ലാത്തിനെയും തള്ളുന്ന നിലപാട് ഭരണഘടനാ നിർമാതാക്കൾ സ്വീകരിച്ചിരുന്നെങ്കിൽ ഭരണഘടനയേ ഉണ്ടാകുമായിരുന്നില്ല. ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം തുടങ്ങിയ അടിസ്ഥാന ഭരണഘടനാതത്വങ്ങൾ പുറത്തുനിന്ന് വന്നതാണ്. ആ അടിസ്ഥാന തത്വങ്ങളിൽ തൊടാൻ പാടില്ലെന്നു സുപ്രീംകോടതി തറപ്പിച്ചുപറഞ്ഞിട്ടുണ്ട്. കേരള നിയമസഭ തയ്യാറാക്കിയ ഭരണഘടനാ നിർമാണസഭയിലെ ചർച്ചകളുടെ മലയാള പരിഭാഷയുടെ ആദ്യപതിപ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശനു നൽകി പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന രൂപപ്പെട്ട അടിസ്ഥാനതലം ആശയസംവാദങ്ങളുടേതാണ്. എതിരഭിപ്രായങ്ങൾ നിർഭയം രേഖപ്പെടുത്താൻ കഴിയുന്ന സാഹചര്യം രാജ്യത്തുണ്ടോ എന്ന് പരിശോധിക്കണം. അത്തരം പരിശോധനകളാണ് ഭരണഘടനയുടെ ആഴവും സമൂഹത്തിലുള്ള പ്രാധാന്യവും മനസ്സിലാക്കിത്തരിക. ഭരണഘടനാപരമായി അനുവദനീയമായ നിയന്ത്രണങ്ങൾക്കപ്പുറത്ത് സ്റ്റേറ്റ് വ്യക്തിസ്വാതന്ത്ര്യങ്ങൾക്കുമേൽ കടന്നുകയറുന്നത് അടിയന്തരാവസ്ഥയിൽ നാം കണ്ടു. അത്തരം നിയന്ത്രണങ്ങളുടെ കരിനിഴലിൽനിന്ന് വിമുക്തമല്ല ഇന്നും നമ്മുടെ രാജ്യം. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടാൽ ഭരണഘടനാപരമായ മറ്റവകാശങ്ങൾക്ക് എന്താണ് പ്രസക്തി.
വൈവിധ്യങ്ങളെ ഇല്ലാതാക്കുക, ഏകശിലാത്മകത കൊണ്ടുവരിക എന്നതായിരുന്നില്ല ഭരണഘടനയുടെ ലക്ഷ്യം. വൈവിധ്യങ്ങളെ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോവുക എന്നതായിരുന്നു. വരുംകാല ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കാൻ അങ്ങനെയൊരു ഭരണഘടനയാണ് വേണ്ടതെന്ന് ഭരണഘടനാശിൽപ്പികൾ തിരിച്ചറിഞ്ഞിരുന്നു. ചില വിഭാഗങ്ങളെ നീക്കിനിർത്തണമെന്നും ഒരുവിഭാഗത്തിനു മാത്രം മേൽക്കൈ വരണമെന്നും വാദിക്കുന്നവർക്ക് മേൽക്കൈ ഉണ്ടാകുമ്പോൾ ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹ്യനീതിയാണ് ഇല്ലാതാകുന്നത്. ദരിദ്രർ കൂടുതൽ ദരിദ്രരാകുമ്പോൾ സാമ്പത്തികനീതിയും സംസ്ഥാനങ്ങൾക്ക് രാഷ്‌ട്രീയ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ അർഹമായ വിഹിതം നിഷേധിക്കുമ്പോൾ രാഷ്‌ട്രീയനീതിയും ഇല്ലാതാകുന്നു. മതാടിസ്ഥാനത്തിലുള്ള പൗരത്വമെന്നത് മുക്കാൽ നൂറ്റാണ്ടോളം മുമ്പ് ചർച്ചചെയ്‌ത് തള്ളിക്കളഞ്ഞതാണ്. അത് പുനരുജ്ജീവിപ്പിക്കാനാണ് ശ്രമം.
ഭരണഘടനയുടെ ആമുഖം മാർഗദീപമാണ്. നിർദേശകതത്വങ്ങൾ രാഷ്‌ട്രം സഞ്ചരിക്കേണ്ട പാതയും. ആ ദീപം ഏറ്റുവാങ്ങി പാതകളിൽ വെളിച്ചം പടർത്തി മുന്നേറേണ്ടവർ വിളക്കുകെടുത്തി പാതയിൽ ഇരുട്ടിൽ തപ്പുന്നതാണ് കാണുന്നത്. ഈ സാഹചര്യത്തിൽ ഭരണഘടനയുടെ മൂല്യങ്ങളെ ദീപങ്ങളാക്കി വിളക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്–- മുഖ്യമന്ത്രി പറഞ്ഞു. സ്‌പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി.









0 comments