print edition യുഡിഎഫ് സർക്കാർ ഇഡിക്ക് കളമൊരുക്കുന്നു: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇഡിയുടെ രാഷ്ട്രീയ വേട്ടയ്ക്ക് യുഡിഎഫ് സർക്കാർ കളമൊരുക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിണറായി വിജയനെതിരെ രാഷ്ട്രീയ ഗൂഢാലോചന ലക്ഷ്യമിട്ടുള്ള കേസിൽ എഫ്ഐആർ ഇട്ടതോടെ ഇസിഐആറുമായി ഇഡിക്ക് മുന്നോട്ടുപോകാം.
സർക്കാർ അപ്പീൽ പോകണമായിരുന്നു. മൂന്ന് കോടതികൾ തള്ളിക്കളഞ്ഞ കേസ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ വി ഡി സതീശൻ സർക്കാർ പരാജയപ്പെട്ടു. തമിഴ്നാട്ടിലും പഞ്ചാബിലും സമാന സാഹചര്യത്തിൽ സർക്കാരുകൾ ഇഡിയെ പ്രതിരോധിക്കുകയാണ് ചെയ്തത്. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയവേട്ടയ്ക്കെതിരെ നടന്ന സെമിനാറിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
യഥാർഥ പ്രതികളെ മാപ്പുസാക്ഷിയാക്കുകയും ലക്ഷ്യം വയ്ക്കുന്നവരെ പ്രതിയാക്കുകയുമാണ് മോദി സർക്കാർ. അന്വേഷണവും തെളിവുകളുമെല്ലാം അതിനനുസരിച്ചായിരിക്കും. ബിജെപിയിലേക്ക് ചേരാൻ തയ്യാറാകാത്തവർക്ക് ജയിലും പീഡനവും. ഇതിന്റെ ഭാഗമാണ് പിണറായി വിജയനെതിരായ ഇഡി ഇടപെടൽ. വൃത്തികെട്ട രീതിയിലാണ് ഇഡി ആർഎസ്എസിന് വേണ്ടി പ്രവർത്തിക്കുന്നത്.
സിഎംആർഎൽ കേസിൽ ഭീഷണിപ്പെടുത്തി മൊഴി രേഖപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥരും എംഡിയും വെളിപ്പെടുത്തിയതാണ്. തെളിവുണ്ടോയെന്ന് ചേദിച്ചപ്പോൾ മൊഴിയുണ്ടെന്നായിരുന്നു കോടതിയിൽ ഇഡിയുടെ മറുപടി. ആദ്യം ലക്ഷ്യമെന്തെന്ന് പ്രഖ്യാപിക്കും, എന്നിട്ടാണ് ഇഡി അതിനുള്ള മാർഗങ്ങൾ തേടുക. ഇവിടെ പിണറായി വിജയനെ തകർക്കുകയാണ് ലക്ഷ്യമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ സി എൻ മോഹനൻ, ആർ പാർവതിദേവി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ആനാവൂർ നാഗപ്പൻ അതിഥികളെ പൊന്നാടയണിയിച്ചു. ഉപഹാരമായി പുസ്തകം കൈമാറി. ജനറൽ കൺവീനർ വി ജോയി എംഎൽഎ, സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ തുടങ്ങിയവർ സന്നിഹിതരായി. കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മുതലക്കുളം മൈതാനത്ത് വ്യാഴാഴ്ച സെമിനാർ സംഘടിപ്പിക്കും. മനീഷ് സിസോദിയ, പ്രബീർ പുർകായസ്ഥ തുടങ്ങിയർ പങ്കെടുക്കും.









0 comments