print edition സർക്കാർ മരുന്നെത്തിക്കണം: പിണറായി വിജയൻ

തിരുവനന്തപുരം: മരുന്നുക്ഷാമം പുറത്തറിയാതിരിക്കാൻ ഇരുമ്പുമറ തീർക്കുന്നതിനുപകരം ആശുപത്രികളിൽ മരുന്നെത്തിക്കാനാണ് സർക്കാർ തയ്യാറാകേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ ആശുപത്രികളിലെ രൂക്ഷമായ മരുന്നുക്ഷാമത്തെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച വസ്തുത ശരിവയ്‌ക്കുന്നതാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം. പൊതുജനാരോഗ്യമേഖലയെ യുഡിഎഫ് സർക്കാർ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന്റെ ഞെട്ടിക്കുന്ന തെളിവാണിത്.
ഡിഎംഒമാരും ഡിപിഎംമാരും ഉൾപ്പെടുന്ന ഔദ്യോഗിക ഗ്രൂപ്പിൽ ആരോഗ്യ ഡയറക്ടർ നൽകിയ നിർദേശത്തിൽ, ആശുപത്രികളിൽ മരുന്നുപ്രതിസന്ധി രൂക്ഷമാണെന്ന് തുറന്നുസമ്മതിക്കുന്നു. ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഫണ്ടിൽ പണമുണ്ടെങ്കിൽ അതുപയോഗിച്ച് സൂപ്രണ്ടുമാർ അടിയന്തരമായി മരുന്നു വാങ്ങണമെന്നും അല്ലാത്തപക്ഷം വലിയ പ്രശ്നമാകുമെന്നുമാണ് ഡയറക്ടറുടെ മുന്നറിയിപ്പ്.
ചികിത്സതേടിയെത്തുന്നവർ മരുന്നില്ലെന്ന പരാതി ഉന്നയിച്ചിരുന്നു. അവശ്യമരുന്നുകൾപോലും ഇല്ലെന്ന് മാധ്യമങ്ങളും റിപ്പോർട്ടു ചെയ്‌തു. വകുപ്പ് മേധാവിയുടെ ശ്രദ്ധയിലും വന്നിട്ടുണ്ട്. പക്ഷെ, ആരോഗ്യമന്ത്രി ഇതെല്ലാം നിഷേധിക്കുന്നു. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി സമയബന്ധിതമായി മരുന്ന് സംഭരിച്ച് വിതരണം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ആശുപത്രി സൂപ്രണ്ടുമാർ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് നിർദേശിച്ച് പ്രതിസന്ധി മറച്ചുവയ്‌ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പിണറായി പ്രസ്‌താവനയിൽ പറഞ്ഞു.









0 comments