Deshabhimani

print edition കൃത്രിമപ്രതിസന്ധിയുണ്ടാക്കി അമിത തുകയ്‌ക്ക്‌ വൈദ്യുതി വാങ്ങുന്നു: പിണറായി വിജയൻ

Pinarayi Vijayan
വെബ് ഡെസ്ക്

Published on Nov 10, 2026, 12:44 AM | 1 min read

വി എസ്‌ അച്യുതാനന്ദൻ നഗർ 
(കോട്ടയം നെഹ്‌റു സ്‌റ്റേഡിയം): വൈദ്യുതിമേഖലയിൽ പ്രതിസന്ധിയുണ്ടെന്ന്‌ വരുത്തി അമിതതുകയ്‌ക്ക്‌ കരാർ ഒപ്പിടാനുള്ള നീക്കമാണ്‌ നടക്കുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കെഎസ്‌ഇബിയെ ഇരുട്ടിൽ നിർത്തിയാണ്‌ ഇത്‌. മന്ത്രിക്കും കരാറിൽ പങ്കില്ലെന്ന്‌ പറയുന്നു. ജിഎൻഎ മുഖ്യമന്ത്രിയുമായി നേരിട്ടാണ്‌ ചർച്ച നടത്തിയത്‌. രാജ്യത്ത്‌ വൈദ്യുതി ഉപഭോഗം കുറയുകയാണ്‌. അതിനാൽ ആവശ്യത്തിന്‌ കുറഞ്ഞ വിലയ്‌ക്ക്‌ ലഭിക്കും. കൃത്രിമമായി പ്രതിസന്ധിയുണ്ടാക്കുകയാണ്‌ സർക്കാർ.


കെഎസ്‌ഇബി ചെയർമാൻ സർക്കാരിന്‌ എഴുതിയ കത്ത്‌ പുറത്തുവന്നപ്പോൾ തൽക്കാലം മരവിപ്പിക്കുകയാണെന്ന്‌ പറയേണ്ടിവന്നു. വിദ്യഭ്യാസം, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലകളും സ്വകാര്യവൽകരണത്തിലേക്ക്‌ പോവുകയാണ്‌. സ്വാശ്രയ കോളേജുകളിൽ പുതിയ കോഴ്‌സുകൾ തുടങ്ങാൻ സർക്കാരിന്റെ അനുമതി വാങ്ങേണ്ടതില്ലെന്ന നിലപാട്‌ കച്ചവടതാൽപര്യത്തിനാണ്‌. സർവകലാശാലകളിൽ വിസിമാർ ആർഎസ്‌എസുകാരായിരിക്കണമെന്ന നിർബന്ധത്തിന്‌ വഴങ്ങുന്നു. എതിരഭിപ്രായം പറയുന്നില്ല. തർക്കിക്കാനില്ലെന്നാണ്‌ പറയുന്നത്‌. തർക്കത്തിന്റെ പ്രശ്‌നമല്ല, നിലപാടിന്റെ പ്രശ്‌നമാണ്‌.


കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ നയം തന്നെയാണ്‌ യുഡിഎഫ്‌ സർക്കാരും നടപ്പാക്കുന്നത്‌. 2011 മുതൽ 16 വരെയുണ്ടായിരുന്ന യുഡിഎഫ്‌ സർക്കാരും ഇങ്ങനെയായിരുന്നു. കേന്ദ്ര സർക്കാർ കോർപറേറ്റുകളുടെ 15 ലക്ഷത്തോളം കോടി രൂപയുടെ കടം എഴുതിത്തള്ളുന്പോൾ സാധാരണക്കാരോട്‌ അങ്ങനെയല്ല. കർഷകർ കടബാധ്യതയിൽ ആത്മഹത്യ ചെയ്യുന്നു. വർഷത്തിൽ 6.30 കോടി പേരാണ്‌ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് എടുത്തെറിയപ്പെടുന്നത്‌.


തൊഴിലാളികളുടെ അവകാശങ്ങൾ ആരെങ്കിലും വെച്ചുനീട്ടിയതല്ല. ത്യാഗനിർഭരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്‌. ആ അവകാശങ്ങളെയാണ്‌ ലേബർ കോഡുകൾ ഇല്ലാതാക്കുന്നത്‌. പുത്തൻ സാന്പത്തിക നയം തുടങ്ങിയത്‌ കോൺഗ്രസ്‌ സർക്കാരാണ്‌. അത്‌ തീവ്രമായി നടപ്പാക്കുകയാണ്‌ ബിജെപി. തങ്ങളുടെ നയം തെറ്റായിപോയെന്ന്‌ കോൺഗ്രസ്‌ ഇപ്പോഴും പറയുന്നില്ല. 13 ലക്ഷത്തോളം കോടി രൂപയുടെ പൊതുമുതലാണ്‌ വിൽപ്പനയ്‌ക്ക്‌ വച്ചിരിക്കുന്നതെന്ന്‌ പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home