print edition സർക്കാർ മൗനം ഗവർണർ വിധേയത്വമായി കാണുന്നു

തിരുവനന്തപുരം: എക്‌സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയെയും മറികടന്ന്, സംസ്ഥാന പൊലീസ് മേധാവിയെ ഗവർണർ നേരിട്ട് വിളിച്ചുവരുത്തിയത് ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് വിലകൽപ്പിക്കാതെ ഭരണത്തിൽ നേരിട്ട് ഇടപെടുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനവും ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണ്. സർക്കാരിനെ നോക്കുകുത്തിയാക്കി സമാന്തര ഭരണം കൈയാളാനുള്ള ശ്രമം ആശാസ്യവും നീതിയുക്തവുമല്ല. മന്ത്രിസഭാ നിർദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്.
2016-ലെ നബാം റിബയ കേസിലെ സുപ്രീംകോടതി വിധിപ്രകാരം, ഭരണഘടനയിലെ ആർട്ടിക്കിൾ 163 ഗവർണർക്ക് അനിയന്ത്രിതമായ വിശേഷാധികാരങ്ങൾ നൽകുന്നില്ലെന്ന് അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.
ഗവർണറുടെ വിശേഷാധികാരം പരിമിതമാണെന്നും ഏകപക്ഷീയ തീരുമാനം എടുക്കാനാകില്ലെന്നും കോടതി പലതവണ വ്യക്തമാക്കി. തീരുമാനങ്ങൾ മുഖ്യമന്ത്രിയുമായും വകുപ്പുമന്ത്രിയുമായും കൂടിയാലോചിക്കണം. എന്നാൽ കാലടി സർവകലാശാലാവിഷയത്തിൽ അതുണ്ടായില്ല.
സംസ്ഥാന പൊലീസ് മേധാവിയെ ഗവർണർ നിയന്ത്രിക്കുന്നത് പൊലീസ് ഭരണം ആർഎസ്എസിന് പണയംവയ്‌ക്കുന്നതുപോലെയാണ്. ആഭ്യന്തരമന്ത്രിയുടെ അനുമതിയോടെയാണോ പൊലീസ് മേധാവിയുടെ സന്ദർശനം എന്നതിൽ വ്യക്തത വേണം.
ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗവർണറുടെ കൈകടത്തലിനെതിരെ വിദ്യാർഥികളും പൊതുസമൂഹവും ശക്തമായി ചെറുത്തുനിൽക്കുന്നുണ്ട്. എന്നാൽ സർക്കാരിന്റെ അനുരഞ്ജന നിലപാട് മറ്റ് വകുപ്പുകളിലേക്കും ഗവർണർക്ക് പഴുതൊരുക്കുന്നു. സർക്കാരിന്റെ മൗനം വിധേയത്വമായാണ് ഗവർണർ കാണുന്നത്.
ഭരണഘടനാപരമായ ഫെഡറൽ തത്വങ്ങളെ ഗവർണർ വെല്ലുവിളിക്കുമ്പോൾ ഒരക്ഷരംപോലും മിണ്ടാൻ സർക്കാർ ഭയപ്പെടുന്നത് ലജ്ജാകരമാണ്. എൽഡിഎഫ് ഭരണകാലത്ത് രാജ്ഭവനിൽനിന്നുള്ള കൈകടത്തലുകളെ ഭരണഘടനാ പ്രതിരോധമുയർത്തിയാണ് നേരിട്ടത്. അന്ന് മുഖ്യമന്ത്രിതന്നെ രാജ്ഭവന് കത്തെഴുതുകയും ഉദ്യോഗസ്ഥരെ വിലക്കുകയുംചെയ്തു– പിണറായി പ്രസ്‌താവനയിൽ പറഞ്ഞു.










0 comments