print edition സംഭവിക്കാൻ പോകുന്നത് വലിയ ആപത്ത്; ഗവർണറുടെ ഇടപെടൽ പ്രത്യേക ഉദ്ദേശ്യത്തോടെ: പിണറായി വിജയൻ

അങ്കമാലി: ഭരണഘടനാനുസൃതമായി ഒരു സംസ്ഥാനം ഭരിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും ഗവർണർക്ക് പ്രത്യേക അധികാരമില്ലെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ. പല കാര്യങ്ങളിലും ഗവർണർ തെറ്റായി ഇടപെടുകയാണെന്നും അത് ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ചേർന്നതല്ലെന്നും പിണറായി പറഞ്ഞു. കൾച്ചറൽ സൊസൈറ്റി ഓഫ് അങ്കമാലി സംഘടിപ്പിച്ച എ പി കുര്യൻ അനുസ്‌മരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗവർണർ തെറ്റായ നിലപാട് സ്വീകരിച്ചപ്പോൾ മുൻ സർക്കാർ അതിനെ ചോദ്യംചെയ്‌തിരുന്നു. അത് അനാവശ്യമായ ഏറ്റുമുട്ടലല്ല, ജനാധിപത്യം സംരക്ഷിക്കാനുള്ള ഇടപെടലായിരുന്നു. എന്നിട്ടും ഗവർണർക്ക് മാറ്റമുണ്ടായില്ല. വ്യത്യസ്‌തരീതിയിൽ ഇടപെടൽ തുടരുകയാണ്.
ഉന്നതവിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാൻ ഗവർണർ നീക്കം നടത്തുന്നു. അതിന് വൈസ് ചാൻസലറെ കൈയിൽ വേണം. അതിന്റെ ഭാഗമായി അധ്യാപക നിയമനത്തിൽ മാറ്റംവരുത്താൻ പോകുന്നു. വിസിയും രണ്ടുമൂന്ന് ആളുകളുംകൂടി അഭിമുഖം നടത്തിയാണ് യോഗ്യത നിശ്ചയിക്കുക. പ്രത്യേക വീക്ഷണമുള്ളവർമാത്രം അധ്യാപകരാകും. നാട്ടിൽ സംഭവിക്കാൻ പോകുന്ന ആപത്ത് എത്രമാത്രം വലുതാണെന്ന് ഇതിൽ കാണാം.
മുൻ സർക്കാർ നടത്തിയ നിയമപോരാട്ടത്തെത്തുടർന്ന്, മുഖ്യമന്ത്രി തയ്യാറാക്കിനൽകുന്ന ലിസ്‌റ്റിൽനിന്ന് ക്രമം പാലിച്ചുമാത്രമേ ഗവർണർ വിസിയെ നിയമിക്കാവൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സർവകലാശാലാ സെനറ്റിലേക്ക് ഭൂരിപക്ഷം അംഗങ്ങളായി ഒരു പ്രത്യേക വിഭാഗത്തെ ഗവർണർ നോമിനേറ്റ് ചെയ്‌തു. സർക്കാരിൽനിന്ന് ലിസ്‌റ്റ് വാങ്ങാതെ നേരിട്ട് നോമിനേറ്റ് ചെയ്യാൻ ഗവർണർക്ക് അധികാരമില്ല.
ചാൻസലർ പദവി ഗവർണറുടെ അധികാരത്തിന്റെ ഭാഗമായി കിട്ടിയതല്ല, നിയമസഭ അംഗീകരിച്ച് നൽകിയതാണ്. ആ തോന്നൽ ഗവർണർക്ക് ഇല്ല.
മതനിരപേക്ഷതയ്‌ക്ക് എതിരെയുള്ള ഭീഷണികൾ ഗൗരവമായി കാണണം. രാജ്യത്ത് മതത്തിന്റ അടിസ്ഥാനത്തിൽ പൗരത്വം നിഷേധിക്കുന്ന സാഹചര്യമുണ്ടായി. എസ്‌ഐആറിന്റെ ഭാഗമായി ലക്ഷക്കണക്കിനാളുകൾക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടു.
വർഗീയനിലപാടിന്റെ ഭാഗമായാണ് വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നതിലേക്ക് കേന്ദ്രസർക്കാർ എത്തിയത്. വഖഫ്ബോർഡിൽ രണ്ട് അമുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന് നിയമഭേദഗതി കൊണ്ടുവന്നു. വർഗീയത എല്ലാ വിഭാഗങ്ങൾക്കും ആപത്താണ്. ഇന്ന് ഒരു മതത്തിന് നേരെയെങ്കിൽ നാളെ മറ്റുമതങ്ങൾക്കുനേരെയും ആക്രമണം വരും. എല്ലാ വർഗീയതയേയും വിട്ടുവീഴ്‌ചയില്ലാതെ എതിർക്കണം– പിണറായി പറഞ്ഞു.










0 comments