അതിര്‍ത്തിയിൽ സ്വര്‍ണവേട്ട; ബംഗ്ലാദേശ് ഇന്ത്യ അതിരിൽ 25 കോടിയുടെ സ്വര്‍ണവുമായി യുവതി പിടിയിൽ

കൊൽക്കത്ത: രാജ്യത്തെ അതിര്‍ത്തികൾ വഴിയുള്ള സ്വര്‍ണ്ണക്കടത്തിൽ സമീപകാലത്തെ ഏറ്റവും വലിയ വേട്ടനടത്തി അതിര്‍ത്തി രക്ഷാ സേന. ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയിൽ ബി എസ് എഫ് നടത്തിയ ഓപ്പറേഷനിൽ 25 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തു. 15.6 കിലോഗ്രാം സ്വര്‍ണവുമായി യുവതിയെ അറസ്റ്റ് ചെയ്തു.
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ബാൻപൂര്‍ അതിര്‍ത്തി മേഖലയിൽ വെച്ചാണ് യുവതി പിടിയിലായത്. ബി എസ് എഫ് 32-ാം ബറ്റാലിയൻ നടത്തിയ അന്വേഷണത്തിലാണിത്. രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ സേന ജാഗ്രതയിലായിരുന്നു. ഇതിനിടെ സംശയകരമായ സാഹര്യത്തിൽ കണ്ടെത്തിയ യുവതിയെ ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായ ഉത്തരങ്ങളും പരിഭ്രമവും സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ ഇവരിൽ നിന്ന് 15 കിലോ 607 ഗ്രാം സ്വര്‍ണം കണ്ടെത്തി. അതിർത്തി മേഖലയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സ്വർണ്ണ വേട്ടകളിലൊന്നാണിത്.
അതിര്‍ത്തി കേന്ദ്രീകരിച്ച് വൻ സ്വര്‍ണ കടത്ത് സംഘങ്ങൾ വീണ്ടും സജീവമായതായി സംശയം ബലപ്പെട്ടു. വൻകിട സംഘങ്ങളുമായി യുവതിക്കുള്ള ബന്ധം അന്വേഷണത്തിലാണ്. ചോദ്യം ചെയ്യലിനും പ്രാഥമിക നടപടികൾക്കും ശേഷം പ്രതിയെ തുടരന്വേഷണത്തിനും നിയമനടപടികൾക്കുമായി കൃഷ്ണഗഞ്ച് പൊലീസിന് കൈമാറും. ബി എസ് എഫ് ജാഗ്രത തുടരുകയാണ്.










0 comments