വന്ദേമാതരം: ആർഎസ്എസിന്റെ ഗായക സംഘമായി യുഡിഎഫ് സർക്കാർ മാറി- ഡിവൈഎഫ്ഐ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഓണം വാരാഘോഷ സമാപനത്തിലും ആറന്മുളയിൽ ഉത്രട്ടാതി ജലോത്സവ ഉദ്‌ഘാടനത്തിലും വന്ദേമാതരം മുഴുവനായി പാടി, യുഡിഎഫ് സർക്കാർ ആർഎസ്എസിന്റെ ഗായക സംഘമായി മാറുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജൻ. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ നിയമനം മുതൽ സർവകലാശാല വൈസ് ചാൻസിലർ നിയമനം ഉൾപ്പെടെ ഓരോന്നിലും ആർഎസ്എസിന്റെ മേൽനോട്ടത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
സത്യപ്രതിജ്ഞ ചടങ്ങിൽ ആലപിച്ചപ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ താനൊന്നും അറിഞ്ഞില്ലെന്ന പച്ചക്കള്ളമാണ് പറഞ്ഞത്. ആർഎസ്എസിനെക്കാൾ വേഗതയിൽ വന്ദേമാതരം പൂർണ്ണമായും പാടാൻ തിരിക്കുകൂട്ടുന്നവരായി ഇന്ത്യയിലെ കോൺഗ്രസ് മാറി. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയാണ് വി ഡി സതീശൻ സർക്കാർ പ്രവർത്തനം ആരംഭിക്കുന്നത്.
പ്രോട്ടോകോളിന്റെ മറവിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്. എൽഡിഎഫ് ഭരിച്ചപ്പോഴും പ്രസിഡന്റും വൈസ് പ്രസിഡന്റും ഗവർണറും എല്ലാം വന്നിട്ടുണ്ട്. അന്നൊന്നും വന്ദേമാതരം ആലപിച്ചിരുന്നില്ല. കേരളത്തിലെ യുഡിഎഫ് സർക്കാർ ആർഎസ്എസിന് മുന്നിൽ തങ്ങളുടെ നിലപാടുകൾ പണയം വെച്ചവരായി മാറി. ഗോൾവാൾക്കാരുടെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി കുനിഞ്ഞുനിന്ന മുഖ്യമന്ത്രിയിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ലെന്നും വിജിൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡിവൈഎഫ്ഐ സംസ്ഥാ പ്രസിഡന്റ് ചിന്താ ജെറോം ട്രഷറർ അഡ്വ. ആർ രാഹുൽ എന്നിവർ പങ്കെടുത്തു.










0 comments