ദുലീപ് ട്രോഫിയിൽ ചരിത്രമെഴുതി വൈഭവ് സൂര്യവംശി: അർധസെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരം

വൈഭവ് സൂര്യവംശി| Photo: Screengrab X
ബംഗളൂരു : ദുലീപ് ട്രോഫി സെമി ഫൈനലിൽ സെൻട്രൽ സോണിനെതിരെയുള്ള മത്സരത്തിൽ ആദ്യ സെഞ്ചുറിക്ക് എട്ട് റൺസ് അകലെ വൈഭവ് സൂര്യവംശി (92) പുറത്തായി. ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് സോണിനായി തകർപ്പൻ പ്രകടനമാണ് 15കാരനായ വൈഭവ് പുറത്തെടുത്തത്.
അർധസെഞ്ചുറി നേടിയതോടെ ദുലീപ് ട്രോഫി ചരിത്രത്തിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് വൈഭവ് സ്വന്തമാക്കി. 15 വർഷവും 157 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ നേട്ടം. 1969ൽ 16 വർഷവും 23 ദിവസവും പ്രായമുള്ളപ്പോൾ ലക്ഷ്മൺ സിങ് കുറിച്ച റെക്കോഡാണ് വൈഭവ് മറികടന്നത്.
അഭിമന്യു ഈശ്വരനൊപ്പം ഓപ്പണിങ് വിക്കറ്റിൽ 162 റൺസിന്റെ കൂട്ടുകെട്ടാണ് വൈഭവ് കൂട്ടിച്ചേർത്തത്. ഹർഷ് ദുബെയുടെ പന്തിൽ അർഷാദ് ഖാന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. ഫീൽഡിങ്ങിനിടെ ക്യാപ്റ്റൻ ഇഷാൻ കിഷന് പരിക്കേറ്റപ്പോൾ ഒരു മണിക്കൂറോളം ഈസ്റ്റ് സോണിനെ നയിച്ചതും വൈഭവ് ആയിരുന്നു.
ഈ സമയം വൈഭവ് എടുത്ത ഡിആർഎസ് തീരുമാനത്തിൽ ഈസ്റ്റ് സോണിന് സുപ്രധാന വിക്കറ്റും ലഭിച്ചിരുന്നു. മത്സരത്തിൽ സെൻട്രൽ സോൺ ആദ്യ ഇന്നിങ്സിൽ 266 റൺസിന് പുറത്തായി. ഈസ്റ്റ് സോൺ 2 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് എന്ന നിലയിലാണ്.









0 comments