പ്രകോപനം തുടരുന്നു; ഖാർഗ് ദ്വീപിനെ തകർക്കുന്ന എഐ വീഡിയോയുമായി ട്രംപ്

ഡോണാൾഡ് ട്രംപ് പങ്കുവെച്ച എഐ വീഡിയോയിൽനിന്ന്
വാഷിങ്ടൺ ഡി സി: ഇറാനെതിരെ വീണ്ടും ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ പ്രകോപനം തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാനുമേലുള്ള അമേരിക്കൻ സൈന്യത്തിന്റെ പുതിയ ആക്രമണങ്ങൾ ചിത്രീകരിക്കുന്ന രണ്ട് എഐ വീഡിയോകൾ ട്രംപ് തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചു. ഇറാനിയൻ എണ്ണ കേന്ദ്രമായ ഖാർഗ് ദ്വീപിനെ തകർക്കുന്ന ദൃശ്യങ്ങളാണെന്ന അവകാശവാദത്തോടെയാണ് ട്രംപ് വീഡിയോ പോസ്റ്റ് ചെയ്തത്.
ഹോർമുസ് കടലിടുക്കിലെ ചെറിയ ദ്വീപായ ലാറക്കിൽ യുഎസ് സൈന്യം വ്യോമാക്രമണം നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റുകൾ വന്നത്. കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം ഇറാനിലേക്ക് അമേരിക്ക നടത്തിയ ഏറ്റവും വലിയ ആക്രമണമായിരുന്നു ലാറക്കിലേത്. ഒരു വിമാനം ആകാശത്ത് വട്ടമിട്ടു പറക്കുമ്പോൾ എണ്ണ സംഭരണ ടാങ്കറിലും എണ്ണക്കപ്പലിലും വൻതോതിലുള്ള സ്ഫോടനങ്ങൾ ഉണ്ടാകുന്നതാണ് വീഡിയോ.
ലാറക്ക് ദ്വീപിലുണ്ടായ യുഎസ് ആക്രമണത്തിൽ സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സേന (ഐആർജിസി) അറിയിച്ചു. ആക്രമണങ്ങൾക്ക് മറുപടിയായി ജോർദാനിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. തിങ്കളാഴ്ച പുലർച്ചെ രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ച എട്ട് മിസൈലുകൾ തടഞ്ഞതായി ജോർദാൻ സായുധ സേന അറിയിച്ചു.









0 comments