ഹോക്കി ലോകകപ്പ് ജർമ്മനിക്ക്: സ്പെയിനെ വീഴ്ത്തിയത് എതിരില്ലാത്ത ഒരു ഗോളിന്, നാലാം കിരീടം

ടീം ജർമ്മനി| Photo: AP
ബെൽജിയം : പുരുഷ ഹോക്കി ലോകകപ്പ് ഫൈനലിൽ സ്പെയിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ജർമ്മനി വീണ്ടും ലോക ചാമ്പ്യന്മാരായി. ബെൽജിയത്തിലെ ബെൽഫിയസ് ഹോക്കി അരീനയിൽ നടന്ന ആവേശകരമായ പോരാട്ടത്തിലാണ് ആൻഡ്രെ ഹെന്നിംഗ് പരിശീലനം നൽകിയ ജർമ്മനി കിരീടം നിലനിർത്തിയത്.
ഈ വിജയത്തോടെ 4 തവണ ലോകകപ്പ് നേടുന്ന രണ്ടാമത്തെ ടീമെന്ന പാകിസ്ഥാന്റെ റെക്കോഡിനൊപ്പം ജർമ്മനിയുമെത്തി. ടൂർണമെന്റിലെ രണ്ടാം റൗണ്ടിൽ സ്പെയിനോട് തോറ്റിരുന്ന ജർമ്മനി ഫൈനലിൽ കൃത്യമായ തിരിച്ചുവരവ് നടത്തി. മത്സരത്തിന്റെ 44-ാം മിനിറ്റിൽ മിഷേൽ സ്ട്രൂത്തോഫ് നേടിയ ഗോളാണ് ജർമ്മനിക്ക് വിജയം സമ്മാനിച്ചത്.
സ്പാനിഷ് ഗോൾകീപ്പർ ലൂയിസ് കാൽസാഡോയെ മറികടന്നാണ് സ്ട്രൂത്തോഫ് പന്ത് വലയിലെത്തിച്ചത്. കളത്തിലുടനീളം 9 ഷോട്ടുകളും 24 സർക്കിൾ എൻട്രികളും 4 പെനാൽറ്റി കോർണറുകളും നേടി സ്പെയിൻ ആധിപത്യം പുലർത്തിയെങ്കിലും ജർമ്മൻ പ്രതിരോധവും ഗോൾകീപ്പർ ജീൻ-പോൾ ഡാനെബർഗിന്റെ മിന്നുന്ന സേവുകളും സ്പെയിന്റെ ആദ്യ ലോകകപ്പ് സ്വപ്നങ്ങൾക്ക് തടയിട്ടു.
ജർമ്മൻ ക്യാപ്റ്റൻ ക്രിസ്റ്റോഫർ റൂർ മത്സരത്തിലെ മികച്ച കളിക്കാരനായി (പ്ലെയർ ഓഫ് ദി മാച്ച്) തെരഞ്ഞെടുക്കപ്പെട്ടു. മുൻപ് നെതർലൻഡ്സ് പരിശീലകനായിരിക്കെ 2018 ഫൈനലിൽ തോറ്റ സ്പെയിൻ പരിശീലകൻ മാക്സ് കാൽഡാസിന് ഇത് മറ്റൊരു ഫൈനൽ തിരിച്ചടിയായി.









0 comments