നിയന്ത്രണം കടുപ്പിച്ചു: ജനങ്ങൾ ഇനി മുഖ്യമന്ത്രിയുടെ സൗകര്യം നോക്കി വരണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണുന്നതിന് ഒരുകാലത്തുമില്ലാത്ത തരത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇനി ആഴ്ചയിൽ മൂന്ന് ദിവസം മാത്രമെ മുഖ്യമന്ത്രിയെ കാണാൻ കഴിയൂ. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം മൂന്ന് മുതൽ 5.30 വരെ മാത്രമാണ് ഇനി സന്ദർശകർക്ക് മുഖ്യമന്ത്രിയെ കാണാൻ സാധിക്കുക. ഈ ദിവസങ്ങളിൽ അവധിയാണെങ്കിൽ കാണാൻ കഴിയില്ല. ബുധനാഴ്ച മുതൽ പുതിയ ക്രമീകരണം നിലവിൽ വരും.
മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലിൽ ഉദ്യോഗസ്ഥര്‍ പരാതി സ്വീകരിക്കുമെന്നാണ് പറയുന്നത്. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരുടെ പരാതിയും സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിലാണ് സ്വീകരിക്കുക. മുഖ്യമന്ത്രി ആഴ്ചയിൽ ഭൂരിഭാഗം ദിവസവും തിരുവനന്തപുരത്ത് ഉണ്ടാവാറില്ല. ഇതോടെ ഇനി പാരാതി സ്വീകരിക്കുന്നത് ഉദ്യോഗസ്ഥർ മാത്രമായി മാറും.
അധികാരമേറ്റ ആദ്യനാളുകളിൽ മാധ്യമപ്രവർത്തർക്കും പൊതുജനങ്ങൾക്കും സെക്രട്ടേറിയറ്റിൽ വിലക്കുകളില്ലാതെ എത്താമെന്ന വ്യാപക പ്രചരണമാണ് യുഡിഎഫ് നടത്തിയത്. സെക്രട്ടേറിയറ്റിലെ നോർത്ത് ഗേറ്റ് (സമര കവാടം) നീണ്ട 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം തുറന്നുവെന്ന തരത്തിൽ കള്ളപ്രചരണങ്ങളും നടത്തി. മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുകയാണ്. ആദ്യം മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇപ്പോൾ, പിആർഡി അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്കുപോലും പ്രവേശനത്തിന് പ്രത്യേക അനുമതി വേണം. മാധ്യമങ്ങളുടെ എല്ലാ ചോദ്യത്തിനും മറുപടിയുണ്ടാകുമെന്ന് ആവർത്തിച്ച മുഖ്യമന്ത്രി വി ഡി സതീശൻ ഇപ്പോൾ ഇഷ്ടമില്ലാത്ത ചോദ്യങ്ങൾക്ക് മുഖം കൊടുക്കാതെയായി.
ഇതിന് പിന്നാലെയാണ് ജനങ്ങൾക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്. നേരത്തെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സെക്രട്ടറിയേറ്റിൽ എത്തുന്ന ജനങ്ങൾക്ക് കാണാൻ അവസരമുണ്ടായിരുന്നു.









0 comments