അതിരപ്പിള്ളിയിൽ ആംബുലൻസിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; രക്ഷപെട്ടത് തലനാരിഴയ്ക്ക്

തൃശൂർ : വനപാതയായ അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടിൽ ആംബുലൻസിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മൃതദേഹം വാൽപ്പാറയിലെത്തിച്ച ശേഷം തിരികെ മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെയാണ് ഞായറാഴ്ച രാത്രി ആനക്കയത്തുവെച്ച് അപ്രതീക്ഷിത ആക്രമണമുണ്ടായത്. ആംബുലൻസിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള രണ്ടുപേർ തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
കാലടി ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.മൃതദേഹം വാൽപ്പാറയിൽ എത്തിച്ച് തിരിച്ചുവരുന്നതിനിടെ ആനക്കയം ഭാഗത്ത് എത്തിയപ്പോഴാണ് റോഡരികിൽ കാട്ടാനക്കൂട്ടം നിൽക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അപകടം ഒഴിവാക്കാനായി ഡ്രൈവർ ആംബുലൻസ് സുരക്ഷിതമായ അകലത്തിൽ നിർത്തിയിട്ടു. എന്നാൽ, ആനക്കൂട്ടത്തിൽ നിന്നെത്തിയ ഒരു പിടിയാന പെട്ടെന്ന് പ്രകോപിതയായി ആംബുലൻസിന് നേരെ പാഞ്ഞടുക്കുകയും വാഹനം തള്ളിമറിച്ചിടാൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ ആംബുലൻസിന്റെ മുൻവശത്തെ ചില്ലുകൾ പൂർണ്ണമായും തകർന്നു. ആനയുടെ ആക്രമണം ശക്തമായെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൊണ്ട് വൻ ദുരന്തം ഒഴിവായി.










0 comments