ഓണാഘോഷത്തിലും സജീവം; മൂവരും ഉറ്റസുഹൃത്തുക്കൾ; മലയാളി യുവതികളുടെ കൊലപാതകത്തിൽ ദുരൂഹത

കൊല്ലപ്പെട്ട അഞ്ജന, ആൻ (ഇടത്), കസ്റ്റഡിയിലായ അനില (വലത്)
തൃശൂർ/ കോട്ടയം/ കാലിഫോര്‍ണിയ: അമേരിക്കയിൽ കാലിഫോര്‍ണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ കാരണം ദുരൂഹമായി തുടരുന്നു. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം 22 കാക്കനാട് ലെയ്നിൽ മറ്റത്ത് ഹൗസിൽ ആൻ മേരി മാത്യു (35) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സുഹൃത്തായ അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാലിഫോര്‍ണിയയിലെ സനോസെ നഗരത്തിലുള്ള അപാർട്ട്മെന്റ് സമുച്ചയത്തിലാണ് മൂന്നുപേരും താമസിച്ചിരുന്നത്. വെള്ളി പകൽ 12നാണ് അഞ്ജനയും ആൻ മേരിയും കൊല്ലപ്പെട്ടത്. അഞ്‌ജനയെ കാറിടിച്ചും ആനിനെ കുത്തിയും അനില കൊലപ്പെടുത്തുകയായിരുന്നു.
അഞ്ജനയും ആനും അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഓണാഘോഷത്തിലടക്കം സജീവമായി പങ്കെടുക്കുകയും അതിന്റെ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
അഞ്ജനയെ ഇടിച്ചുതെറിപ്പിച്ചശേഷം കാറുമായി അനില കടന്നുകളഞ്ഞു. നീല നിറത്തിലുള്ള എസ്‍യുവി ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നുകളയുന്നതു ദൃക്സാക്ഷികൾ കണ്ടിരുന്നു. കാർ ഓടിച്ചത് ഒരു സ്ത്രീയാണെന്നും മിൽപീറ്റസ് പൊലീസിനെ അറിയിച്ചു. ആനിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് കത്തി കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനിലയെ കസ്റ്റഡിയിലെടുത്തത്.
കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബിന്റെ (മിഥുൻ) ഭാര്യയാണ് ആൻ. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ജേക്കബ് ഇളയമകളെ സ്‌കൂളിൽനിന്ന് വിളിക്കുന്നതുമായി ബന്ധപ്പെട്ട് ആനിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ഫ്ലാറ്റിലെത്തിയപ്പോഴാണ് ഇവരെ കുളിമുറിയിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഐടി മേഖലയിലാണ് ആനിനും ജോലി. രണ്ടാഴ്ചമുമ്പാണ് വർക്ക് പെർമിറ്റ് ലഭിച്ചത്. ആനും ജേക്കബും എട്ട് വർഷമായി കാലിഫോർണിയയിലാണ്. ആൻഡ്രീന (10), അലീസ (5) എന്നിവരാണ് മക്കൾ.
തൃശൂർ പീച്ചിയ്‌ക്കടുത്ത് വിലങ്ങന്നൂർ സ്വദേശി വീജിഷാണ് അഞ്ജനയുടെ ഭർത്താവ്. മകൾ വാമിക (ആറ്). വിജീഷ് ജോലിക്ക് പോയ സമയത്താണ് സംഭവം. അഞ്ജനയെ അനില താഴേയ്‌ക്ക് വിളിച്ചുവരുത്തി കാറിടിപ്പിക്കുകയായിരുന്നു. ആറു വർഷമായി അഞ്ജനയും കുടുംബവും കാലിഫോർണിയയിൽ താമസിക്കുന്നു. 2023 ലാണ് അവസാനമായി നാട്ടിൽ വന്നത്.
അനിലയ്‌ക്ക് അമേരിക്കയിലെ ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ മാനസികപ്രശ്‌നങ്ങളാണ് കൊലയ്‌ക്ക് പിന്നിലെന്നാണ് കരുതുന്നത്.










0 comments