സർവത്ര കടം; മൂന്ന് മാസം, ഏഴാമത്തെ കടമെടുപ്പിന് യുഡിഎഫ് സർക്കാർ

വി ഡി സതീശൻ
തിരുവനന്തപുരം: ഭരണത്തിലേറി മൂന്ന് മാസം പിന്നിടുമ്പോഴേക്കും കടത്തിന് മേലെ കടമെടുത്ത് കൂട്ടി യുഡിഎഫ് സർക്കാർ. ആറു തവണകളിലായി വായ്പാ പരിധിയുടെ ഭൂരിഭാഗവും ഇതിനോടകം സർക്കാർ എടുത്തു കഴിഞ്ഞു. ഏഴാമത്തെ കടമെടുപ്പ് തയ്യാറാവുന്നതോടെ സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് തങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആൾട്ടർനേറ്റീവ് ഉണ്ടെന്ന പറഞ്ഞ സതീശൻ ഓരോ മാസവും കടം വാങ്ങിക്കൂട്ടുകയാണ്. വരുമാനം വർധിപ്പിക്കാതെ പൂർണമായും കടമെടുപ്പിനെയാണ് സർക്കാർ ആശ്രയിക്കുന്നത്. പ്രതിമാസം ശരാശരി 3000 കോടി രൂപയുടെ മുകളിലാണ് കടമെടുപ്പ്.
മെയ് 18ന് അധികാരമേറ്റ് പത്ത് ദിവസം തികയും മുമ്പ് തന്നെ സതീശൻ സർക്കാർ ആദ്യകടമെടുപ്പ് നടത്തി. മെയ് 26ന് 1800 കോടി രൂപയാണ് കടമെടുത്തത്. തുടർന്ന് ജൂൺ ഒമ്പതിന് 2800 കോടി രൂപ കൂടി കടമെടുത്തു. ജൂൺ 26ന് വീണ്ടും 1800 കോടി രൂപ കടമായി വാങ്ങി. തുടർന്ന് എല്ലാം മാസവും രണ്ട് എന്ന നിലയിൽ കടം വാങ്ങിക്കൂട്ടുന്നത് സർക്കാർ തുടർന്നു. ജൂലൈ ഏഴ് 1800 കോടി രൂപ, ജൂലൈ 21ന് 2200 കോടി രൂപ, ആഗസ്ത് നാലിന് 1800 കോടി രൂപ എന്നിങ്ങനെയാണ് കടമെടുത്തത്. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച 1800 കോടി രൂപ കൂടി കടമെടുക്കാൻ പോവുന്നത്.
ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിലേക്ക് കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുവാദം നൽകിയ 32,464 കോടി രൂപയിൽ 30,462 കോടിയും ഇതിനകം കഴിഞ്ഞു. ഇനിയുള്ള നാലുമാസത്തേക്ക് 2,002 കോടിമാത്രമാണെന്ന ഗുരുതര സാഹചര്യമാണുള്ളത്. ഇതിന് പിന്നാലെയാണ് വീണ്ടും 1800 കോടി രൂപ കൂടി കടമെടുക്കുന്നത്. ശമ്പളം, പെൻഷൻ തുടങ്ങിയ വലിയ ചെലവുകൾകൂടാതെ വികസനാവശ്യങ്ങൾക്കും പണം കണ്ടെത്താതിരിക്കുമ്പോൾ സംസ്ഥാനം വലിയ ഭരണസ്‌തംഭനത്തെ നേരിടേണ്ടിവരും
നേരത്തെ കൃത്യമായ ധനമാനേജ്മെന്റിലൂടെ നികുതി വരുമാനം വർധിപ്പിച്ചും മറ്റുമാണ് എൽഡിഎഫ് സർക്കാർ പത്തുവർഷം മുന്നോട്ടുപോയത്. പക്ഷേ, അക്കാലത്ത് സംസ്ഥാനം നേടിയ സാമ്പത്തിക വളർച്ചയോ വികസനമോ കാണാതെ കടത്തിന്റെ കണക്കുമാത്രം പറഞ്ഞാണ് യുഡിഎഫ് അധിക്ഷേപിച്ചത്. എൽഡിഎഫ് അധികാരമൊഴിയുമ്പോൾ 6,000 കോടി ഖജനാവിൽ മിച്ചവുമുണ്ടായിരുന്നു.










0 comments