ad
Deshabhimani

കോൺഗ്രസിന്റെ പിടിവാശി ഇന്ത്യാ 
കൂട്ടായ്‌മയെ തകർക്കുന്നു: പിണറായി

pinarayi vijayan
avatar
സ്വന്തം ലേഖകൻ

Published on Jun 14, 2026, 12:30 AM | 1 min read

അരീക്കോട് (മലപ്പുറം): കോൺഗ്രസിന്റെ പിടിവാശിയും കടുംപിടിത്തവുമാണ് ഇന്ത്യാ കൂട്ടായ്‌മയുടെ തകർച്ചയ്ക്ക് വഴിവയ്ക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മതനിരപേക്ഷ കക്ഷികളെ ഒന്നിച്ചുനിർത്താനാണ് ഇന്ത്യാ കൂട്ടായ്‌മ രൂപീകരിച്ചത്. എന്നാൽ അധികാരത്തിനുവേണ്ടിയുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ ചില കക്ഷികളെ ഇന്ത്യാ കൂട്ടായ്‌മയിൽനിന്ന് അകറ്റുന്നതിന് ഇടയാക്കി. അരീക്കോട് ‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷം പിന്തുണ നൽകിയത് കൃത്യമായ കാഴ്ചപ്പാടോടെയാണ്. കോൺഗ്രസിനെ കുറിച്ച് എന്തെങ്കിലും വ്യാമോഹമുണ്ടായിട്ടല്ല. ബിജെപി അധികാരത്തിൽ വന്നാലുള്ള അപകടം ഒഴിവാക്കാനായിരുന്നു. ഇപ്പോൾ സ്വീകരിക്കുന്ന നിലപാടും ഇതേ കാഴ്ചപ്പാടിലാണ്. ഇന്ത്യാ കൂട്ടായ്‌മയുടെ രൂപീകരണവും കോൺഗ്രസുമായുള്ള സഹകരണവും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇന്ത്യാ കൂട്ടായ്‌മ രൂപീകരണത്തിൽ ഇടതുപക്ഷത്തിന്റെ പങ്ക് എല്ലാവരും അംഗീകരിച്ചതാണ്. എന്നാൽ കോൺഗ്രസ് നിലപാടുകൾ തുടക്കംമുതലേ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. കോൺഗ്രസിന്റെ പിടിവാശി കാരണം പല പാർടികൾക്കുമുണ്ടായ അകൽച്ച അവർ ബിജെപിയുടെ കൂടെ പോകാനിടയാക്കി.


ബിജെപിക്ക് ഒറ്റക്കക്ഷിയെന്ന ഭൂരിപക്ഷം കിട്ടാതിരിക്കാനിടയാക്കിയത് ഇന്ത്യാ കൂട്ടായ്‌മ രൂപീകരണമായിരുന്നു. ബിജെപിക്ക് ഇന്ത്യാ കൂട്ടായ്‌മയെക്കാളും 1.9 ശതമാനം വോട്ടുമാത്രമാണ് കൂടുതലുള്ളത്. നമ്മുടെ കരുത്ത് വളർത്തിയെടുക്കുകയെന്നതാണ് പ്രധാനം. എന്നാൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് അതല്ല. ഈ കൂട്ടായ്‌മ തകർക്കുകയെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. നിയമസഭകളിലെ ഭൂരിപക്ഷമാണ് രാജ്യസഭാംഗങ്ങളുടെ എണ്ണം നിർണയിക്കുന്നത്. ബിജെപി രാജ്യസഭാംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഒരു കാഴ്ചപ്പാടും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായില്ല.


അതേസമയം, പ്രതിപക്ഷ പാർടികളിലെ നേതാക്കളെ അന്വേഷണ ഏജൻസികളെ വിട്ട് ആക്രമിക്കുന്നതിനും കോൺഗ്രസ് ബിജെപി സർക്കാരിന് കൂട്ടുനിന്നു. ഡൽഹിയിൽ മന്ത്രിയെ അറസ്റ്റ് ചെയ്തപ്പോൾ മുഖ്യമന്ത്രിയെ എന്താണ് അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു കോൺഗ്രസിന്റെ ചോദ്യം. ബിഹാറിലും ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലും ജാർഖണ്ഡിലും ബിജെപി വിരുദ്ധ മുന്നേറ്റത്തിൽ വിള്ളലുണ്ടാക്കുന്ന സമീപനമായിരുന്നു കോൺഗ്രസിന്റേതെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home