ബിജെപി നാടിന്റെ തനിമ തകർക്കും: മുഖ്യമന്ത്രി

ബിജെപി ലക്ഷ്യം 
പ്രസിഡൻഷ്യൽ രീതി : മുഖ്യമന്ത്രി

Pinarayi Vijayan Cpi State Conference
വെബ് ഡെസ്ക്

Published on Sep 11, 2025, 02:15 AM | 1 min read


ആലപ്പുഴ

പാർലമെന്ററി ജനാധിപത്യത്തിന്‌ പകരം പ്രസിഡൻഷ്യൽ രീതി ഏർപ്പെടുത്താനുള്ള ആശയമാണ്‌ ബിജെപിക്കുള്ളതെന്നും ഇത്‌ രാജ്യത്തിന്റെ ഫെഡറലിസത്തിന്റെ കടയ്‌ക്കൽ കത്തിവയ്‌ക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി’ സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


ബിജെപി മുന്നോട്ടുവയ്‌ക്കുന്ന ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ്‌. ഭരണഘടനാ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള സവിശേഷമായ അധികാരങ്ങൾ ഇല്ലാതാക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. സംസ്ഥാനത്തിന്‌ കീഴിലുള്ള സഹകരണമേഖലയെ കേന്ദ്രത്തിന്‌ കീഴിലേക്ക്‌ കൊണ്ടുപോകാൻ ശ്രമിക്കുന്നു. ബിജെപി ഇതര സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച്‌ ഭരണഘടനാവിരുദ്ധമായ ഇടപെടലിന്‌ ശ്രമിക്കുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നു. ഇങ്ങനെ പല വഴികളിലൂടെ ഫെഡറലിസം ദുർബലപ്പെടുത്താനുള്ള ശ്രമത്തിലാണ്‌ ബിജെപി.


ഫെഡറലിസത്തിനായുള്ള പോരാട്ടത്തിൽ കമ്യൂണിസ്‌റ്റ്‌ പാർടി വഹിച്ച പങ്ക്‌ ചെറുതല്ല. ഓരോ സംസ്ഥാനത്തും ഭാഷാപ്രസ്ഥാനവുമായി കൈകോർത്താണ്‌ പാർടി പ്രവർത്തിച്ചത്‌. കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നേതൃത്വത്തിൽ പുന്നപ്ര–വയലാർ സമരം നടന്നു. തിരുവിതാംകൂർ കേരളത്തിന്റെയും ഇന്ത്യയുടെയും ഭാഗമായത്‌ അങ്ങനെയാണ്‌.


കേരളത്തിൽ ആഗോളവൽക്കരണത്തിന്‌ ബദൽനയങ്ങൾ നടപ്പാക്കാൻ പറ്റാത്ത സാഹചര്യം സൃഷ്‌ടിക്കുകയാണ്‌. കിഫ്‌ബി വഴിയുള്ള വികസനപ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നു. ജിഎസ്‌ടി പരിഷ്‌കരണത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ നികുതിവിഹിതം ഭീമമായി വെട്ടിക്കുറയ്‌ക്കുന്നു. വിദ്യാഭ്യാസരംഗത്തും സംസ്ഥാനങ്ങൾക്കുള്ള എല്ലാ സാധ്യതകളും തകർത്ത്‌ കാവിവൽക്കരണം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നു.


രാജ്യത്തെന്പാടും ന്യൂനപക്ഷങ്ങൾക്കുനേരെ സംഘടിത ആക്രമണങ്ങൾ നടക്കുകയാണ്‌. രാജ്യത്തെ സംരക്ഷിക്കാൻ ഫെഡറലിസം ശക്‌തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന്‌ പിണറായി വിജയൻ പറഞ്ഞു.


ബിജെപി നാടിന്റെ തനിമ തകർക്കും: മുഖ്യമന്ത്രി

ബിജെപിക്ക്‌ നൽകുന്ന ഓരോ വോട്ടും നാടിന്റെ തനിമ തകർക്കുമെന്ന ബോധ്യം എല്ലാവർക്കും ഉണ്ടാകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഓണം പോലും അവർ മാറ്റിമറിക്കും. മഹാബലിക്ക്‌ പകരം വാമനനെ പ്രതിഷ്‌ഠിക്കാനാണ്‌ അവർ ശ്രമിക്കുന്നത്‌. കേരളം ബിജെപി ടാർജറ്റ്‌ ചെയ്യുന്ന സംസ്ഥാനമാണ്‌. സംഘപരിവാർ പ്രചരിപ്പിക്കുന്ന ചരിത്രത്തിനെതിരെ വിപുലമായ ഐക്യം രൂപപ്പെടേണ്ടതുണ്ട്‌. രാജ്യത്ത്‌ ജനാധിപത്യ ശക്‌തികളുടെ ഐക്യം വിപുലമാക്കണം. ഇതിന്‌ ഫലപ്രദമായ നേതൃത്വം നൽകാൻ ഇടതുപക്ഷത്തിന്‌ കഴിയണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home