Deshabhimani

print edition പൊലീസ്‌ സംഘടനകളെ പിരിച്ചുവിട്ടത്‌ ഏകാധിപത്യപരം: പിണറായി

Pinarayi Vijayan Press Meet
വെബ് ഡെസ്ക്

Published on Jul 30, 2026, 01:16 AM | 1 min read

​തിരുവനന്തപുരം: പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാനും അതുവഴി സേനയെ പൂർണമായി രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് കീഴ്പ്പെടുത്താനുമുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ.


ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികൾ നിലനിൽക്കെ, അവയെ നോക്കുകുത്തിയാക്കി അഡ്ഹോക്ക് കമ്മിറ്റികളെ കുടിയിരുത്തിയത് സംഘടനാ സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണ്. ഇത് അംഗീകരിക്കാനാവില്ല.


സംസ്ഥാനത്ത് 1979 മുതൽ പൊലീസ്‌ സംഘടനകൾ പ്രവർത്തിക്കുന്നു. അതിനെയാണ്‌ ബന്ധപ്പെട്ടവരുമായി ചർച്ചചെയ്യാതെ ഏകാധിപത്യപരമായി അട്ടിമറിച്ചത്. ​ഗ്രേഡ് പ്രൊമോഷൻ ലഭിച്ച ഉദ്യോഗസ്ഥരെ ഡീഗ്രേഡ് ചെയ്യുക, ഒരേ പദവിയിലുള്ളവരെ വ്യത്യസ്ത സംഘടനകളിലേക്ക് വെട്ടിമുറിക്കുക തുടങ്ങിയ നീക്കങ്ങളാണ് നടക്കുന്നത്.


ഇത് പൊലീസ് സേനയുടെ ഐക്യത്തെയും ആത്മവീര്യത്തെയും ബാധിക്കും. പൊലീസിനെ രാഷ്ട്രീയവൽക്കരിക്കാനും സ്വന്തം ഇംഗിതങ്ങൾക്ക് വഴങ്ങുന്ന സേനയാക്കി മാറ്റാനുമുള്ള ഗൂഢലക്ഷ്യമാണ് ഇതിനുപിന്നിൽ. ​


പൊലീസുകാരുടെ സംഘടനാ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടിയാലോചിച്ചേ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാവൂ. പൊലീസ് സംഘടനകളുടെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന ഉത്തരവ് അടിയന്തരമായി പിൻവലിക്കണം– പിണറായി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home