print edition യുഡിഎഫ് ഗാന്ധിജിയുടെ ആശയങ്ങൾ കുഴിച്ചുമൂടി: പിണറായി വിജയൻ

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച യുഡിഎഫ് സർക്കാർ, ‘ഗ്രാമസ്വരാജ്’ എന്ന ഗാന്ധിയൻ ആശയം കുഴിച്ചു മൂടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പുകാലത്ത് നെഹ്‌റുവിയൻ സോഷ്യലിസം സംസാരിച്ച നിങ്ങൾ ബജറ്റിൽ നെഹ്‌റുവിനെയും സോഷ്യലിസത്തെയും ഉപേക്ഷിച്ചു. ബജറ്റിൽ സമീപനം കോർപറേറ്റ്‌വൽക്കരണവും നവലിബറൽ കാഴ്ചപ്പാടുമാണ്. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ സോഷ്യലിസവും ഇടതുപക്ഷ ചിന്താഗതിയും ലെഫ്റ്റ് ജാർഗൺസും ക്ലീഷേയും ആണെന്നുപറഞ്ഞ് തള്ളിക്കളഞ്ഞു.
നിങ്ങളോടൊപ്പമെന്ന് അവകാശപ്പെടുന്ന ചില സ്വയം പ്രഖ്യാപിത ഇടതുപക്ഷക്കാർ കയ്യടിച്ചു. പുതിയ ബജറ്റിൽ നിങ്ങൾ നെഹ്‌റുവിനെ മാത്രമല്ല, മഹാത്മാ ഗാന്ധിയെയും മറന്നു.
ഗ്രാമ സ്വരാജ് മഹാത്മാഗാന്ധിയുടെ സങ്കൽപ്പമായിരുന്നു അതിന്റെ തുടർച്ചയായി പഞ്ചായത്തി രാജ് ആക്ട് നടപ്പാക്കിയതാണ് രാജീവ് ഗാന്ധിയുടെ ഭരണകാലത്തെ വലിയ നേട്ടമെന്ന് നിങ്ങൾ പറഞ്ഞുനടന്നു. ത്രിതല പഞ്ചായത്ത് സംവിധാനത്തെ ദുർബലമാക്കുന്നതുവഴി രാജീവ് ഗാന്ധിയെയും നിങ്ങൾ ഉപേക്ഷിച്ചു.
ഒരു ആശയത്തിന്റെയും ആദർശത്തിന്റെയും നയത്തിന്റെയും പിൻബലമില്ലാതെയാണ് ഇത്തരമൊരു ബജറ്റ് കൊണ്ടുവന്നത്. അതിന്റെ തിക്തഫലമാണ് ഇപ്പോൾ തദ്ദേശഭരണ സ്ഥാപനങ്ങൾ നേരിടുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.











0 comments