ഫയൽ അദാലത്ത് ജൂലൈ 1 മുതൽ
സാങ്കേതിക നടപടിയല്ല , വേണ്ടത് ഫയലുകളിലെ ആവശ്യം തീർപ്പാക്കൽ : മുഖ്യമന്ത്രി

തിരുവനന്തപുരം
ജൂലൈ ഒന്നുമുതൽ ആഗസ്‌ത് 31വരെ നടക്കുന്ന ഫയൽ അദാലത്തിനാവശ്യമായ ക്രമീകരണങ്ങൾ ഉടൻ പൂർത്തിയാക്കാൻ വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. അദാലത്തിന് സെക്രട്ടറിമാർ മേൽനോട്ടം വഹിക്കണം. പരമാവധി ഫയലുകൾ തീർപ്പാക്കാനാകണം. സാങ്കേതികമായല്ല; ഫയലിലെ ആവശ്യമാണ് തീർപ്പാക്കേണ്ടത്–- വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടറിയറ്റ്തലം, വകുപ്പ് മേധാവിതലം, പൊതുജനങ്ങളുമായി സമ്പർക്കമുള്ള സ്ഥാപനങ്ങളിലെ ഫയലുകൾ എന്നിങ്ങനെ മൂന്ന് തലത്തിൽ ഫയൽ തീർപ്പാക്കും. സെക്രട്ടേറിയറ്റിൽ വകുപ്പ് അധ്യക്ഷരുടെയും സ്ഥാപനങ്ങളുടെയും മേധാവികളുടെയും യോഗം സെക്രട്ടറിതലത്തിൽ വിളിച്ച് കർമപദ്ധതി വിശദീകരിക്കണം. സെക്രട്ടറിമാരും വകുപ്പ് അധ്യക്ഷരും സെക്‌ഷനുകൾ ഉൾപ്പെടെ ഇടവേളകളിൽ സന്ദർശിച്ച് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകണം. വിഷയങ്ങളുടെ പ്രാധാന്യത്തിനനുസരിച്ച് മുൻഗണനാക്രമം നിശ്ചയിച്ചാണ് അദാലത്ത് സംഘടിപ്പിക്കുക.
ഡയറക്ടറേറ്റുകളിലെയും മറ്റു സ്ഥാപനങ്ങളിലെയും അദാലത്തിന്റെ മേൽനോട്ടവും സെക്രട്ടറിതലത്തിൽ നടക്കണം. അദാലത്തിൽ വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണം. അദാലത്തിന്റെ പുരോഗതി കൃത്യമായ ഇടവേളകളിൽ സെക്രട്ടറിമാർ പരിശോധിച്ച് ഇടപെടണം.
സെക്രട്ടറിയറ്റിൽ മറ്റു വകുപ്പുകളുടെ അഭിപ്രായം തേടിയിട്ടുള്ള ഫയലുകളിൽ കാലതാമസം ഒഴിവാക്കാൻ ചീഫ് സെക്രട്ടറി മാർഗനിർദേശം പുറപ്പെടുവിക്കണം. ദീർഘനാളായി മറ്റു വകുപ്പുകളിൽ അഭിപ്രായം കാത്തുകിടക്കുന്ന ഫയലുകളിൽ 15 ദിവസത്തിനകം അന്തിമാഭിപ്രായം ലഭ്യമാക്കണം. ധനവകുപ്പിലാണ് ഇത്തരം ഫയലുകൾ കൂടുതലായുണ്ടാവുക. ആവശ്യമെങ്കിൽ ഓരോ വകുപ്പും ധനവകുപ്പുമായി ചേർന്നുള്ള അദാലത്ത് പരിഗണിക്കണം. ഫയൽ തീർപ്പാക്കൽ കാര്യക്ഷമമാക്കാനും വിവരങ്ങൾ ശേഖരിക്കാനും പോർട്ടൽ ഏർപ്പെടുത്താൻ ചീഫ് സെക്രട്ടറി നടപടിയെടുക്കണം.
മന്ത്രിമാരും മന്ത്രിസഭയും ഇതിന്റെ പുരോഗതി വിലയിരുത്തും. അദാലത്ത് പൂർത്തിയായശേഷം പ്രവർത്തനം വിലയിരുത്താൻ യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.









0 comments