നിലപാട് തിരുത്തുന്നതുവരെ സമരം
print edition വിദ്യാർഥികളുടെ ഭാവി നശിപ്പിക്കാമെന്ന വ്യാമോഹം വേണ്ട: പിണറായി

കാലടി സംസ്‌കൃത സർവകലാശാലയിൽ വിദ്യാർഥികളുടെ നിരാഹാരസമര പന്തലിലെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കുന്നു
കാലടി: സസ്പെൻഷൻ പിൻവലിക്കാതെ കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ ഭാവി നശിപ്പിച്ചുകളയാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. നാടാകെ വിദ്യാർഥികൾക്കൊപ്പമുണ്ട്. തെറ്റായ നിലപാട് സ്വീകരിച്ചവർ, അത് തിരുത്തുന്നതുവരെ സമരം തുടരും.
60 ദിവസത്തിലേറെയായി സസ്പെൻഷനിൽ കഴിയുന്നവർ എന്ത് മാപ്പാണ് നൽകേണ്ടതെന്ന് ഹൈക്കോടതി ചോദിച്ചിട്ടും സസ്പെൻഷൻ തുടരാനാണ് സർവകലാശാല തീരുമാനിച്ചത്. യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയതാൽപ്പര്യമാണ് ഇതിലൂടെ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളുടെ 12–ാംദിനത്തിലെ നിരാഹാര സമരത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമത്തിനും ചട്ടത്തിനും മനുഷ്യത്വത്തിനും വിരുദ്ധമായി സർവകലാശാല അധികാരികൾ കൈക്കൊണ്ട നടപടികളാണ് സമരത്തിലേക്ക് നയിച്ചത്. എസ്എഫ്ഐക്കുനേരെ രാഷ്ട്രീയവിരോധം തീർക്കൽപോലെയാണിത്. നുണ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും അതിവൈദഗ്ധ്യമുള്ള ആർഎസ്എസുകാരുടെ ഇഷ്ടതോഴിയായാണ് വൈസ് ചാൻസലർ പ്രവർത്തിക്കുന്നത്. എസ്എഫ്ഐയുടെ സ്വീകാര്യത കാണുമ്പോൾ ഒരുകൂട്ടം രാഷ്ട്രീയ നേതൃത്വത്തിനുണ്ടാകുന്ന നിരാശ പകയായി മാറി. അതിന്റെ പ്രകടരൂപമാണ് ഇവിടെ കാണുന്നത്.
മുൻ ഗവർണറും വിസിയും ഗൂഢാലോചനയിലൂടെയാണ് വിദ്യാർഥികൾക്കെതിരെ കള്ളപ്പരാതി സൃഷ്ടിച്ചത്. വിദ്യാർഥിപ്രക്ഷോഭത്തോട് സ്വീകരിക്കേണ്ട നിലപാടല്ല ഉന്നതവിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും സർക്കാരും കൈക്കൊണ്ടിരിക്കുന്നതെന്നും പിണറായി പറഞ്ഞു.









0 comments