ഫോൺ ചോർത്തൽ; പി വി അൻവറിനെതിരെ കേസ്

മലപ്പുറം: ടെലിഫോൺ ചോർത്തലിൽ പി വി അൻവറിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. ഐടി നിയമത്തിലെയും ടെലികമ്യൂണിക്കേഷൻ നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കൊല്ലം സ്വദേശിയും വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണ് നടപടി. ഇദ്ദേഹം മലപ്പുറം പൊലീസ് സ്‌റ്റേഷനിലെത്തി മൊഴി നൽകി.
എംഎൽഎയായിരിക്കെ മലപ്പുറം ഗസ്റ്റ് ഹൗസിൽ കഴിഞ്ഞ സെപ്തംബർ ഒന്നിന് നടത്തിയ വാർത്താസമ്മേളനത്തിൽ പൊലീസ് ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരുമുൾപ്പെടെ പ്രമുഖരുടെ ഫോൺ താൻ ചോർത്തിയതായി അൻവർ അവകാശപ്പെട്ടിരുന്നു. അൻവറിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പരാതി നൽകിയതിനാൽ തന്റെ ഫോണും ചോർത്തിയിട്ടുണ്ടെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുരുഗേഷ് പൊലീസിൽ പരാതി നൽകി. പരാതിയിൽ നടപടിയില്ലാത്തതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
തെളിവില്ലാത്തതിനാൽ അൻവറിനെതിരെ കേസെടുക്കാനാവില്ലെന്ന് കാണിച്ച് മലപ്പുറം ഡിവൈഎസ്‌പി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഇതിനെതിരെ മുരുഗേഷ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. പരാതിയിൽ ഒരുമാസത്തിനകം സംസ്ഥാന പൊലീസ് മേധാവി നടപടിയെടുക്കണമെന്ന് ഹൈക്കോടതി ജൂൺ 26ന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
അൻവർ സമാന്തര പൊലീസ് സംവിധാനമായി പ്രവർത്തിക്കുന്നുവെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ കേസ് പരിഗണിക്കവേ നിരീക്ഷിച്ചിരുന്നു. ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശമായ സ്വകാര്യത ലംഘിച്ച് നിയമവിരുദ്ധമായി ഫോൺ ചോർത്തിയത് കേസെടുക്കാവുന്ന ഗൗരവകരമായ കുറ്റകൃത്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.









0 comments