അങ്ങനെയെങ്കിൽ കുഞ്ഞുമായി ഞാൻ മരിക്കും; കണ്ണൂരിൽ കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയ റീമയുടെ ഫോൺ സംഭാഷണം

കണ്ണൂര്‍: മകനുമായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത റീമയുടെ ഭര്‍ത്താവുമായുള്ള അവസാന ഫോണ്‍ സംഭാഷണം പുറത്ത്. അവസാനം നിമിഷവും ഭര്‍ത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ റീമ ശ്രമിച്ചിരുന്നുവെന്ന് ഫോണ്‍ സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്നു. തന്നെ ഒഴിവാക്കി കുട്ടിയെ ഭര്‍ത്താവ് കൊണ്ടുപോകുമെന്ന് റീമ ഭയപ്പെട്ടിരുന്നതായും സംഭാഷണത്തിലുണ്ട്.
നമ്മളൊന്നിച്ച് ജീവിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾക്ക് കുഞ്ഞിനെ എന്ന് റീമ ഭർത്താവിനോട് ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി എനിക്ക് ഒന്നിച്ചുള്ള ജീവിതത്തിന് ഇപ്പോൾ താൽപര്യമില്ലെന്നാണ് ഭർത്താവ് പറയുന്നത്. 'ഭര്‍ത്താവിന്റെ അമ്മയാണ് ജീവിതം തുലച്ചത്', 'അത്രയും വെറുത്തുപോയി', 'വിദേശത്ത് പോയി ഒന്നര വര്‍ഷമായിട്ടും കുഞ്ഞിന്റെ കാര്യം അന്വേഷിച്ചില്ല','എന്നെ വേണ്ടാത്തയാള്‍ക്ക് കുഞ്ഞിനെയും വേണ്ട', 'കുഞ്ഞിനെ കാണാന്‍ എന്ന് പറഞ്ഞു വന്നിട്ട് പ്രശ്‌നം ഉണ്ടാക്കരുത്', തുടങ്ങിയ കാര്യങ്ങളും റീമ ഫോണില്‍ പറയുന്നു.
ഇനിയും വരുമെന്നും അടി നടത്തേണ്ടി വന്നാൽ അടിക്കുമെന്നും ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നുണ്ട്. കുഞ്ഞിനെ കാണാനും കൊണ്ട് പോവാനുമായി വന്ന് പ്രശ്നമുണ്ടാക്കിയാൽ താൻ മകനെയും കൊണ്ട് മരിക്കുമെന്ന മുന്നറിയിപ്പും റീമ നൽകുന്നു. സ്റ്റേഷനില്‍ പോയി സംസാരിക്കാമെന്ന് റീമ അഭ്യര്‍ത്ഥിക്കുന്നതും ജീവനുള്ളിടത്തോളം കുഞ്ഞിനെ നിങ്ങളുടെ കൂടെ വിടില്ലെന്ന് റീമ പറയുന്നതും കേൾക്കാം. അങ്ങനൊരു സാഹചര്യം വന്നാല്‍ കുഞ്ഞിനെയും കൊണ്ട് താന്‍ മരിക്കുമെന്നാണ് റീമ മുന്നറിയിപ്പ് നല്‍കുന്നത്.
ഭര്‍തൃമാതാവിന്‍റെയും ഭര്‍ത്താവിന്റെയും മാനസിക പീഡനം താങ്ങാന്‍ കഴിയുന്നില്ലെന്നും പിഞ്ചുമകന്റെ കൂടെ ജീവിച്ച് കൊതി തീര്‍ന്നില്ലെന്നും പറയുന്ന ആത്മഹത്യാക്കുറിപ്പും പൊലീസിന് ലഭിച്ചിരുന്നു.
മൂന്നുവയസുകാരൻ മകൻ ഋഷിബ് രാജുമായി റീമ ഞായറാഴ്ച പുലർച്ചെയാണ് ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. റീമയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു. മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ചയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.









0 comments